കഞ്ഞിവെപ്പ് സമരം പിന്‍വലിച്ചു;
പായസം വെച്ച് അരിവിതരണം
ആഘോഷിക്കുമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഡിവൈഎഫ്ഐ കഞ്ഞിവെപ്പ് സമരം പിന്‍വലിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഞ്ഞിവെപ്പ് സമരം പിന്‍വലിച്ചതായി ഡിവൈഎഫ്ഐ വ്യക്തമാക്കി.
പായസം വെച്ച് അരിവിതരണം ആഘോഷിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു.
അരി വിതരണം തടസ്സപ്പെടുത്തിയ യുഡിഎഫിനെതിരെ സംസ്ഥാന വ്യാപകമായി കഞ്ഞിവച്ച് പ്രതിഷേധിക്കുമെന്ന് എ എ റഹീം അറിയിച്ചിരുന്നു. എന്നാല്‍ അരി വിതരണത്തിന് അനുമതി നല്‍കിക്കൊണ്ട് ഹൈക്കോടതി വിധി വന്നതോടെയാണ് സമരം പിന്‍വലിച്ചത്.
സ്പെഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അരി വിതരണം തുടരാമെന്നും കോടതി വ്യക്തമാക്കി. അരി വിതരണം തടഞ്ഞതിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ആണ് നടപടി. അരി നല്‍കുന്നത് നേരത്തെ നടന്നു കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്ന് സര്‍ക്കാര്‍ കോടതില്‍ പറഞ്ഞു.
അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇലക്ഷന് മുന്നോടിയായാണ് അരി വിതരണം ചെയ്യുവാന്‍ ശ്രമിച്ചത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുവാദം. അതേസമയം അരി വിതരണം തെരഞ്ഞെടുപ്പിന് മുമ്പെടുത്ത തീരുമാനമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ വ്യക്തമാക്കി.