കണ്ണുകൊണ്ട് ബലൂണ്‍ വീര്പിക്കല്: ലോക റെകോഡില്‍ ഇടംപിടിച്ച് ബിടെക് വിദ്യാര്‍ഥി
കായംകുളം: കണ്ണുകൊണ്ട് ബലൂണില്‍ വായുനിറക്കുന്ന ബിടെക് വിദ്യാര്‍ഥി വിസ്മയമാകുന്നു. ബിടെക് വിദ്യാര്‍ഥിയായ ഇസ്മായില്‍ ഉമറുല്‍ ഫാറൂഖിന്റെ (22) അത്ഭുതപ്രവൃത്തി ഇന്ത്യന്‍ ബുക് ഓഫ് റെകോഡ്സില് ഇടംപിടിച്ചിരിക്കുകയാണ്.
1.29 മിനിറ്റിനുള്ളിലെ ബലൂണ്‍ വീര്പിക്കല് ലോകത്തിലെ ആദ്യ റെകോഡായാണ് ഇടംപിടിച്ചത്. നാലാം ക്ലാസ് മുതലുള്ള പരീക്ഷണമാണ് ഫലവത്തായതെന്ന് ഫാറൂഖ് പറഞ്ഞു. ചെവിയില്‍ കയറിയ വെള്ളം പുറത്തേക്ക് കളയാന്‍ മൂക്കും വായും പൊത്തിപ്പിടിച്ചപ്പോള് കണ്ണിലൂടെ വായു പുറത്തേക്ക് വന്നു. ഇതില്‍നിന്നാണ് വേറിട്ട പ്രവര്‍ത്തനത്തിന് വഴിതുറന്നത്.
ഇന്ദോര്‍ അബ്ദുല്‍ കലാം സര്‍വകലാശാലയിലെ മൂന്നാംവര്‍ഷ മെകാനികല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഫാറൂഖിന്റെ ബലൂണ്‍ വീര്പിക്കല് റെകോഡ്സ് അധികൃതര്‍ ഓണ്‍ലൈനായാണ് നിരീക്ഷിച്ചത്. റെകോഡ്സില് ഇടംപിടിച്ചതോടെ കറ്റാനം ഇലിപ്പക്കുളം ജാസ്മിന് മന്‍സിലില്‍ ഷംനാദ്-ജാസ്മിന് ദമ്ബതികളുടെ മകനായ ഫാറൂഖിന്റെ ദീര്‍ഘകാല സ്വപ്നമാണ് സഫലമായത്.