ഫാഷൻ ഗോൾഡ് നിക്ഷേപകർ പൂക്കോയയുടെ
ചന്തേരയിലെ വീട്ടിൽ ഇരച്ചുകയറി പ്രതിഷേധിച്ചു.
ചന്തേര: ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയരക്ടർ ടി. കെ. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിനകത്തേക്ക് പതിനഞ്ചോളം വരുന്ന നിക്ഷേപകർ ഇരച്ചു കയറി.
ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായ നിക്ഷേപകരിൽ സ്ത്രീകളടക്കം പതിനഞ്ചോളം പേരാണ് ഇന്ന് രാവിലെ പൂക്കോയയുടെ വീട്ടിലേക്ക് പിറകിലുള്ള വാതിലിലൂടെ ഇരച്ചുകയറിയത്.
വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര പോലീസ് എസ്ഐ, സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് പ്രതിഷേധക്കാരെ വീട്ടിനുള്ളിൽ നിന്ന് പുറത്തിറക്കി ഗെയ്റ്റടച്ചു.
തുടർന്ന് പൂക്കോയയുടെ ഭാര്യയുമായി സംസാരിക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടെങ്കിലും, ഇടപാടുകൾ സംബന്ധിച്ച് ഞങ്ങൾക്കൊന്നുമറിയില്ലെന്നായിരുന്നു തങ്ങളുടെ ഭാര്യയുടെ മറുപടി.
കാസർകോട്, നീലേശ്വരം, തൈക്കടപ്പുറം, പടന്ന, വെള്ളച്ചാൽ, ചന്തേര എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകരാണ് പൂക്കോയയുടെ വീട്ടിനുള്ളിൽ കയറി പ്രതിഷേധിച്ചത്.
പ്രതിഷേധക്കാരെ പുറത്താക്കിയെങ്കിലും, ഇവർ പുറത്ത് തമ്പടിച്ചു നിന്ന് പ്രതിഷേധിക്കുകയായിരുന്നു. കോടികളുടെ തട്ടിപ്പു നടത്തിയ പൂക്കോയ വീട്ടിൽ വന്നുപോകുന്നുണ്ടെന്ന് നിക്ഷേപകരിൽ ചിലർ പറഞ്ഞു.
എന്നിട്ടും പ്രതിയെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ലെന്നും പോലീസും ചില രാഷ്ട്രീയ നേതാക്കളുമാണ് തട്ടിപ്പുകാർക്ക് സംരക്ഷണം നൽകുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.