ഗുരുവായൂർ ക്ഷേത്രത്തിലെ കൊമ്പൻ വലിയ കേശവൻ ചരിഞ്ഞു
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആനയായ വലിയ കേശവൻ ചരിഞ്ഞു. 51 വയസായിരുന്നു. അനാരോഗ്യം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഗുരുവായുരപ്പന്റെ സ്വർണക്കോലമേന്തുന്നതിന് അവകാശമുളള കൊമ്പനായിരുന്നു വലിയ കേശവൻ.2020 ഫെബ്രുവരി 26ന് കൊമ്പൻ ഗുരുവായൂർ പദ്മനാഭൻ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവൻ ഗുരുവായൂരിലെ ആനകളിൽ പ്രധാനിയായത്. മുൻപ് പിൻകാലിന് സമീപത്തെ മുഴ കാരണവും ക്ഷയരോഗം മൂലവും ക്ഷീണിതനായിരുന്ന ആന ചികിത്സയിലായിരുന്നു. ഇടയ്ക്ക് രോഗം കലശലായെങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു. രണ്ട് വർഷത്തോളമായ ചികിത്സ തുടരവെയാണ് ഉച്ചയ്ക്ക് 12.20ന് ആന ചരിഞ്ഞത്.ഗുരുവായൂർ സ്വദേശി നാകേരിമന വാസുദേവൻ നമ്പൂതിരിയാണ് വലിയ കേശവനെ 2000ൽ ക്ഷേത്രത്തിലേക്ക് നടയ്ക്കിരുത്തിയത്. അയ്യപ്പൻ കുട്ടി എന്നായിരുന്നു അന്ന് പേര്. ക്ഷേത്രത്തിലേക്ക് നടയിരുത്തിയ ആനകളിൽ ഏറ്റവും ഉയരക്കേമൻ വലിയ കേശവനായിരുന്നു. പത്തടിയിലേറെയാണ് വലിയ കേശവന്റെ ഉയരം.