കെ.എന്‍.ഖാദര്‍ കെ.എന്‍.എ.ഖാദര്‍ ജയിക്കണം, ഷംസീര്‍ തോല്‍ക്കണമെന്ന സുരേഷ്ഗോപിയുടെ മറുപടി;വെട്ടിലായി യുഡിഎഫും ബിജെപിയും
കോഴിക്കോട്: സംസ്ഥാനത്ത് നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടത് വലത് മുന്നണികള്‍ പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നത് സാധാരണമാണ്. എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ആരോപണങ്ങള്‍. ഇതിനിടെ കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ ഒരു പ്രസ്താവന ഇടതുപക്ഷത്തിന് പ്രതിപക്ഷത്തിനെതിരേയും ബിജെപിക്കെതിരെയും ഉപയോഗിക്കാനുള്ള ആയുധമായി കിട്ടിയിരിക്കുകയാണ്.
നാമനിര്‍ദേശ പത്രിക തള്ളിയത് കാരണം ബിജെപിക്ക് സ്ഥാനാര്‍ഥികളില്ലാത്ത ഗുരുവായൂരിലും തലശ്ശേരിയിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നുള്ള സുരേഷ് ഗോപിയുടെ പരോക്ഷ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍.ഷംസീര്‍ ഒരു കാരവശാലും ജയിക്കരുതെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ഈ രണ്ടിടത്തും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് യാദൃശ്ചികമാണെന്ന് പറയാനാവില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.
ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍ ബിജെപി പ്രീണനം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കോലീബി സഖ്യത്തിന് വ്യക്തമായ തെളിവ് പുറത്തുവന്നുവെന്നാണ് സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് പിന്നാലെ ഇടത് നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇടത് അനുകൂല പേജുകള്‍ സുരേഷ് ഗോപിയുടെ പ്രസ്താവന വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി നിര്‍ണായക ശക്തിയാണ്. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് തലശ്ശേരി. പത്രിക തള്ളിയ സാഹചര്യത്തില്‍ ഏതെങ്കിലും സ്വതന്ത്രരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ തലശ്ശേരിയില്‍ ബിജെപിക്ക് ഇതുവരെ ധാരണയുണ്ടാക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് എ.എന്‍.ഷംസീര്‍ തോല്‍ക്കണമെന്ന് ബിജെപിയുടെ പ്രമുഖ നേതാവ് പരസ്യമായി പറയുന്നത്. 2016-ല്‍ 34117 വോട്ടിനാണ് ഷംസീര്‍ ജയിച്ചത്. ബിജെപിക്ക് അന്ന് 22125 വോട്ടുകള്‍ തലശ്ശേരിയില്‍ ലഭിച്ചിരുന്നു. എം.പി.അരവിന്ദാക്ഷനാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി.
ഗുരുവായൂരിലാകട്ടെ സിപിഎമ്മിന്റെ കെ.വി.അബ്ദുള്‍ ഖാദര്‍ 15098 വോട്ടിനാണ് 2016-ല്‍ ജയിച്ചത്. നിവേദിത അന്ന് 25490 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണയും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷകൂടിയായ നിവേദിതയെ തന്നെയാണ് ബിജെപി സ്ഥനാര്ഥിയാക്കിരുന്നത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിന്റെ പേരില്‍ പത്രിക തള്ളുകയായിരുന്നു. ഇവിടെ എന്‍.കെ.അക്ബറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
രണ്ട് നിര്‍ണായക മണ്ഡലങ്ങളില്‍ സ്ഥാനാര്ഥികളില്ലാതായതില് പ്രതിക്കൂട്ടില്‍ നില്ക്കുന്ന ബിജെപി സംസ്ഥാന നേതൃത്വം സുരേഷ് ഗോപി നടത്തിയ പ്രസ്താവനയോടെ കൂടുതല്‍ വെട്ടിലായി. സുരേഷ് ഗോപിയുടെ വ്യക്തിപരമായ നിലപാടാണ് എന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇതിനോട് പ്രതികരിച്ചത്. തലശ്ശേരിയില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ഥിയുണ്ടാകുമെന്നും സുരേന്ദ്രന് പറയുകയുണ്ടായി.