മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുക പരന്നു ബസുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം, 30പേർക്ക് ഗുരുതര പരിക്ക്
ഹൈദരാബാദ്: ആന്ധാപ്രദേശിലെ വിഴിനഗരത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. മുപ്പതിലധികംപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.അപകടത്തിൽപ്പെട്ടവരിൽ മലയാളികൾ ഉണ്ടോ എന്ന് വ്യക്തമല്ല.രണ്ടുബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ഇതിൽ ഒരെണ്ണത്തിന്റെ പുറകിൽ ഗ്യാസ് സിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചുകയറുകയുമായിരുന്നു. ബസിലുണ്ടായിരുന്നവരാണ് മരിച്ചവർ. ഇന്നുപുലർച്ചെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. യാത്രക്കാർ ഉറക്കത്തിലായിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.റോഡുവക്കിൽ കൂട്ടിയിട്ടിരുന്ന മാലിന്യം കത്തിച്ചതിനെത്തുടർന്നുണ്ടായ കനത്ത പുകയിൽ കാഴ്ചമങ്ങിയതാണ് അപകടകാരമെന്നാണ് പൊലീസ് പറയുന്നത്. മാലിന്യം കത്തിച്ചവരെകണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. റോഡുവക്കിൽ മാലിന്യം കത്തിക്കുന്നത് പതിവായതോടെ കർശനനടപടി ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.