പഴയ ‘കോലീബി’ സഖ്യത്തിന്റെ വിശാല രൂപമാണ് കേരളം ഇപ്പോൾ കാണുന്നത്,
യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങള്‍ നീക്കുന്നത് പിണറായി വിജയന്
കണ്ണൂര്‍: പഴയ ‘കോലീബി’ സഖ്യത്തിന്റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളതെന്നും യുഡിഎഫ്-ബിജെപി ധാരണ പൂര്‍വാധികം ശക്തി പ്രാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും പിണറായി വിജയന് ആരോപിച്ചു.
ബിജെപി സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത രണ്ട് മണ്ഡലങ്ങളുടെ കാര്യത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരില്‍ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞുവെന്നും കെ എന്‍ എ ഖാദര്‍ ചില കാര്യങ്ങളില്‍ അനുകൂലമായി സംസാരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് നീങ്ങാം എന്ന സര്‍കാര്‍ നിലപാടിനെ കോണ്‍ഗ്രസ് അംഗീകരിക്കാതിരുന്നത് ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് വീണ്ടും വന്നാല്‍ സര്‍വനാശമെന്ന് പറഞ്ഞ നേതാവ് ഈ ഒത്തുകളി നാശമാണെന്ന് പറയാന്‍ തയ്യാറായിട്ടില്ലല്ലോയെന്ന് എ കെ ആന്റണിയേ വിമര്‍ശിച്ച് പിണറായി പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കുവെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.
സ്വര്‍ണക്കടത്ത് കേസില്‍ സ്പീകറെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് പിണറായി വിജയന് ആരോപിച്ചു. ലൈഫ് മിഷനിലെ അനാവശ്യ ഇടപെടല്‍ പ്രിവിലേജ് കമിറ്റി പരിശോധിക്കുമെന്ന് സ്പീകര്‍ പറഞ്ഞത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ അനാവശ്യം പറയുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.
സര്‍കാര്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടത് സ്വര്‍ണക്കടത്തിന്റെ ഉറവിടവും ഉപഭോക്താവും ആരെന്ന് കണ്ടെത്താനാണ്, എന്നിട്ട് അന്വേഷണം എന്തായി? ബിജെപിക്ക് വേണ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകനിലേക്ക് അന്വേഷണം എത്തി. ചില ബിജെപി നേതാക്കളുടെ പേരിലേക്ക് ഇത് എത്തിയതോടെ അവിടെ നിര്‍ത്തി, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പിന്നീട് സംസ്ഥാന സര്‍കാരിനെ പ്രതികൂട്ടിലാക്കാനാണ് ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.