മഞ്ചേശ്വരത്തും ഉദുമ യിലും പഞ്ചസാരയും പാലും പോലെ സിപിഎമ്മും ലീഗും ധാരണയായെന്ന്
കെ സുരേന്ദ്രൻ
കാസര്‍കോട്: മഞ്ചേശ്വരത്തും ഉദുമയിലും സി.പി.എം- മുസ്ലീം ലീഗ് ധാരണയുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഉദുമയില്‍ ലീഗുകാര്‍ സി.പി.എമ്മിനെ സഹായിക്കുകയാണെന്നും അതിന് പകരം മഞ്ചേശ്വരത്ത് സിപിഎം ലീഗിന് വേണ്ടിയും സഹായം ചെയ്യുകയാണെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം മത്സരിക്കുന്നവര്‍ മഞ്ചേശ്വരത്തും കാസര്‍കോടും എത്തുമ്പോള്‍ ഒരുമിച്ച് ചേരുകയാണ്. ഇവിടെ എത്തുമ്പോള്‍ അവര്‍ പഞ്ചസാരയും പാലും പോലെ ലയിക്കുന്നു. ഉദുമയില്‍ സി.പി.എം. സ്ഥാനാര്‍ഥിക്ക് വേണ്ടി ലീഗുകാര്‍ പണി തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരത്ത് തിരിച്ചും. മഞ്ചേശ്വരത്തെ സി.പി.എം. സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ തന്നെ ഈ ധാരണ വ്യക്തമാണെന്നും സുരേന്ദ്രന് ആരോപിച്ചു.
ഗുരുവായൂരിലേത് പോലെ തലശ്ശേരിയിലെ കാര്യത്തിലും ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൗ ജിഹാദ് വിഷയത്തില്‍ ജോസ് കെ.മാണിയുടെ പ്രതികരണത്തില്‍ എന്താണ് അഭിപ്രായമെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വ്യക്തമാക്കണം. ഞങ്ങള്‍ നേരത്തെ ഉന്നയിച്ച നിലപാട് ആദ്യമായാണ് എല്‍ഡിഎഫിലെ ഒരു ഘടകകക്ഷി ആവര്‍ത്തിക്കുന്നത്. ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്നങ്ങള്‍ വസ്തുതാപരമാണെന്ന് എല്‍ഡിഎഫും സമ്മതിക്കുകയാണ്. ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ശബരിമല വിഷയത്തില്‍ വീണ്ടും പ്രകോപനപരമായ നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇടയ്ക്ക് മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും യെച്ചൂരിയും പിണറായിയും അദ്ദേഹത്തെ തിരുത്തി. എംഎം മണി കടകംപള്ളിയെ പരസ്യമായി തള്ളിപ്പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പഴയ നിലപാട് തുടരുന്നുവെന്ന വ്യക്തമായ സന്ദേശമാണ് ഇതെല്ലാം നല്‍കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലുള്ളടത്തോളം കാലം ശബരിമല സുരക്ഷിതമല്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പിണറായി സര്‍ക്കാര്‍ ശബരിമലയുടെ അന്തകനായി മാറിയിരിക്കുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ കൃത്രിമം നടക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും കെ. സുരേന്ദ്രന് ആരോപിച്ചു. കമ്മീഷന് പലയിടത്തും നോക്കുക്കുത്തിയായി മാറുന്നു. പലയിടത്തും പോളിങ് ഉദ്യോഗസ്ഥര്‍ സിപിഎമ്മിനെ സഹായിക്കുകയാണ്. ഇക്കാര്യത്തില്‍ കമ്മീഷന് അടിയന്തര നടപടി സ്വീകരിക്കണം. ഇരട്ടവോട്ടിന്റെ കാര്യത്തില്‍ യുഡിഎഫിന് ഇരട്ടത്താപ്പാണ്. ഇരട്ടവോട്ടിന്റെ കണക്ക് നല്കിയപ്പോള് യുഡിഎഫ് ബോധപൂര്‍വ്വം മഞ്ചേശ്വരത്തെയും കാസര്‍കോട്ടെയും കണക്കുകള്‍ നല്‍കിയിട്ടില്ല. മഞ്ചേശ്വരത്ത് മൂവായിരത്തോളം ഇരട്ടവോട്ടുകളുണ്ടെന്നും ബിജെപി അത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും കെ. സുരേന്ദ്രന് പറഞ്ഞു.