ലവ് ജിഹാദ്, ബീഫ് നിരോധനം: ചോദ്യം പിടിച്ചില്ല, അഭിമുഖത്തിനിടെപ്രകോപിതനായി മെട്രോമാൻ ശ്രീധരന് ഇറങ്ങിപ്പോയി
കൊച്ചി:സംസ്ഥാനത്തെ എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഇ ശ്രീധരന് ഇറങ്ങിപ്പോയത്. അനാവശ്യ ചോദ്യങ്ങളാണ് അവതാരകന് ചോദിക്കുന്നതെന്ന് ശ്രീധരന് പറയുന്നു. അഭിമുഖത്തിന്റെ ടീസര്‍ ന്യൂസ്ലോണ്ടറി പങ്കുവെച്ചു. ലവ് ജിഹാദ്, ബീഫ് നിരോധനം. ബി.ജെ.പി നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങളാണ് ഇ. ശ്രീധരനെ പ്രകോപിപ്പിച്ചത്.
നെഗറ്റീവ് ചോദ്യങ്ങള്‍ ചോദിച്ച് സമയം കളയുകയാണെന്നും താല്പര്യമില്ലെന്നും വ്യക്തമാക്കി ശ്രീധരന് അഭിമുഖത്തിനിടെ ഇറങ്ങിപ്പോകുകയായിരുന്നു. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ തന്നെ ബീഫ് നിരോധന വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ ബീഫ് നിരോധനം ബി.ജെ.പി നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നു, അതിനാലാണ് താങ്കളോട് ചോദിക്കുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ വിഷയത്തില്‍ ഒരു വിധി പറയാന്‍ താനാളല്ല എന്നായിരുന്നു ശ്രീധരന്റെ മറുപടി.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നായിരുന്നു ശ്രീധരന്റെ മറുപടി. ലവ് ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടില്ലെങ്കില്‍ കേരളം ഒരു ചെറിയ സിറിയയാകുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയെപ്പറ്റിചോദിച്ചപ്പോള് ശ്രീധരന് മറുപടി പറഞ്ഞില്ല.
അതേസമയം താന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മാറിയതായി ഇ ശ്രീധരന് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് പൊതുവില്‍ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തെരഞ്ഞെടുപ്പില്‍ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാലക്കാട് നിന്നാണ് ശ്രീധരന് ജനവിധി തേടുന്നത്.