വിഷുകിറ്റ് വിതരണം ഇന്നു മുതല്‍ തുടങ്ങാന്‍ നീക്കം; പരമാവധി ആളുകളിലേക്ക് അഞ്ചാം തീയതിക്ക് മുമ്പേ കിറ്റ് എത്തിക്കും
തിരുവനന്തപുരം: ഭരണപ്രതിപക്ഷ പോര് തുടരുന്നതിനിടെ വിഷുകിറ്റ് വിതരണം ഇന്ന് മുതല്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. പ്രത്യേക ഉത്തരവിറക്കിയാലും,അവധി ദിവസങ്ങളായ ഏപ്രില്‍ ഒന്നിനും രണ്ടിനും കടകള്‍ തുറക്കാനാകില്ലെന്ന് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കിയതോടെയാണിത്.ഏപ്രിലിലെ കിറ്റ് മാര്‍ച്ച് അവസാനവാരം നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. നേരത്തെ വിതരണം ചെയ്യുന്നത് വോട്ടുലക്ഷ്യമിട്ടാണന്ന് ആരോപിച്ച് പ്രതിപക്ഷം പരാതി നല്‍കിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് സര്‍ക്കാരിനോട് വിശദീകരണം തേടിയതും വിതരണം ഒന്നാം തീയതി മുതല്‍ മതിയെന്ന് തീരുമാനിച്ചതും. ഒന്നും രണ്ടും അവധി ദിവസങ്ങളാണ്. എന്നാല്‍ പ്രത്യേക ഉത്തരവിറക്കി റേഷന്‍ കടകള്‍ തുറപ്പിക്കാമെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റ കണക്കുകൂട്ടല്‍.പെസഹവ്യാഴം, ദുഖവെളളി ദിവസങ്ങളില്‍ കട തുറക്കില്ലെന്ന് വ്യാപാരികള്‍ കര്‍ശന നിലപാട് എടുത്തതോടെയാണ് കിറ്റ് വിതരണം നേരത്തെയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.പരമാവധി ആളുകളിലേക്ക് അഞ്ചാം തീയതിക്ക് മുമ്പേ കിറ്റ് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം ചോദിച്ചതല്ലാതെ വിതരണം നിര്‍ത്തിവയ്ക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. വിഷുകിറ്റ് തയ്യാറാക്കി മിക്കകടകളിലും എത്തിച്ചിട്ടുളളതിനാല് വിതരണത്തിന് തടസമുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.സ്പെഷ്യല്‍ അരിവിതരണം തിരഞ്ഞെടുപ്പ് കമ്മിഷന് തടഞ്ഞതിനെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നുണ്ട്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയാല്‍ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുളള സ്പെഷ്യല്‍ അരി വിതരണവും നാളെ തന്നെ ആരംഭിക്കും. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണ് അരിവിതരണം തിരഞ്ഞെടുപ്പ് കമ്മിഷന് സ്റ്റേ ചെയ്തത്.