നന്ദിഗ്രാമില്‍ ജയിക്കാന്‍ സഹായിക്കണമെന്ന് ബിജെപി നേതാവിനോട് കേണപേക്ഷിച്ച് മമത; ജീവന് പോയാലും പാര്‍ട്ടിയെ ഒറ്റില്ലെന്ന് പ്രാലേ പാല്; ഓഡിയോ പുറത്ത്
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപി നേതാവിനോട് തന്നെ ജയിപ്പിക്കണമെന്ന് കേണപേക്ഷിക്കുന്ന ഓഡിയോ പാര്‍ട്ടി പുറത്തുവിട്ടു. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നതിനിടെയാണ് അപേക്ഷയുമായി മമത രംഗത്തു വന്നത്. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നന്ദിഗ്രാം ബിജെപി ജില്ല വൈസ് പ്രസിഡന്റ് പ്രാലേ പാലിനോടാണ് മമത ഫോണില്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ഓഡിയോ കല്‍ക്കത്ത ന്യൂസും സംപ്രേഷണം ചെയ്തു.
തന്നെ ജയിപ്പിക്കണമെന്നും തൃണമൂലിലേക്ക് മടങ്ങി വരണമെന്നും മമത പ്രാലേ പാലിനോട് പറയുന്നുണ്ട്. എന്നാല്‍, ജീവന് പോയാലും ബിജെപിയെ ഒറ്റില്ലെന്നും നേതാവ് മറുപടി നല്കി. ഇടതു ഭരണകാലത്ത് സിപിഎം നന്ദിഗ്രാമിലെ ജനങ്ങളെ പീഡിപ്പിക്കുമ്ബോള്‍ അധികാരി കുടുംബമാണ് ഞങ്ങളുടെ കൂടെ നിന്നത്. സുവേന്ദു അധികാരിക്ക് വിലയ ജയം ഉറപ്പാക്കുകയാണ് എന്റെ കടമ.
താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ സത്യസന്ധരാണോ അല്ലയോ എന്ന് മമത പാലിനോട് ചോദിക്കുന്നുണ്ട്. താന്‍ സത്യസന്ധനാണെന്ന് വിശ്വസിക്കുന്നുവെന്നും ബിജെപിക്കു വേണ്ടി ജീവന് ഉള്ളിടത്തോളം കാലം പ്രവര്‍ത്തിക്കുമെന്നും പാല് മറുപടി നല്കി. ഞാന്‍ താങ്കളോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്. നിങ്ങള്‍ ഒരു വലിയ രാഷ്ട്രീയനേതാവായിട്ടും എന്നെപ്പോലുള്ള ഒരു സാധാരണ നേതാവിനെ വിളിച്ചു. പക്ഷേ എന്നോട് ക്ഷമിക്കൂ എന്നു പറഞ്ഞാണ് പ്രാലേ പാല് സംഭാഷണം അവസാനിക്കുന്നത്. ഓഡിയോയയുടെ ആധികാരികത സംബന്ധിച്ച തൃണമൂല്‍ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.