അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ സർക്കാർ നിയമനടപടിക്ക്, വിഷുക്കിറ്റ് ഏപ്രിൽ ഒന്നുമുതൽ
തിരുവനന്തപുരം: സ്പെഷ്യൽ അരിവിതരണം വിലക്കിയ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. നീല, വെള്ള കാർഡ് ഉടമകൾക്ക് പത്തുകിലോ അരി 15 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയത്. ഇതിനെതിരെ നിയമപടി സ്വീകരിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അരി വിതരണംചെയ്യാൻ തിരഞ്ഞെടുപ്പുവിജ്ഞാപനം വരുന്നതിനുമുമ്പുതന്നെ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ, അരി എത്തിക്കാൻ കാലതാമസമുണ്ടായതോടെ വിതരണം വൈകുകയായിരുന്നു. വിതരണാനുമതിതേടി സർക്കാർ തിരഞ്ഞടുപ്പുകമ്മിഷനെ സമീപിച്ചപ്പോഴാണ് കമ്മിഷൻ വിതരണം വിലക്കിയത്.അരിവിതരണം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യകിറ്റ്, സ്കൂൾ കുട്ടികൾക്കുള്ള അരി എന്നിവ നേരത്തേ നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലും തിരഞ്ഞടുപ്പുകമ്മിഷൻ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.അതിനിടെ വിഷുവിനുള്ള കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്. മാർച്ച് അവസാനം നൽകാനായിരുന്നു സർക്കാരിന്റെ നേരത്തേയുള്ള തീരുമാനം.അരിവിരണത്തിനെതിരെ പരാതി നൽകിയതിന്റെ പേരിൽ പ്രതിപക്ഷനേതാവിനെതിരെ വിമർശനവുമായി മുഖ്യമന്ത്രിയും അതിന് മറുപടിയുമായി ചെന്നിത്തലയും ഇന്ന് രംഗത്തെത്തിയിരുന്നു.