കണ്ണൂർ: തെളിവില്ലാതെപോയയുവതിയുടെ തിരോധാനക്കേസില്‍ പൊലീസിന് വഴികാട്ടിയായത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനിടയിൽ കിട്ടിയ ഖുര്‍ആനിലെ താളിലുണ്ടായിരുന്ന ഫോണ്‍ നമ്പര്‍. ഇതോടെ പിലാത്തറ മണ്ടൂരിലെ എം.കെ. മുഹമ്മദിന്റെ മകള്‍ ഷംസീന (36)നയെ ഏഴുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി. ഇടുക്കിയിലെ ഉടുമ്പുംചോലയില്‍ നിന്നാണ് യുവതിയെ പൊലീസ് കണ്ടെത്തിയത്. 2012 ലാണ് ഷംസീനയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പരിയാരം പൊലീസ് സ്റ്റേഷനില്‍ മാറി മാറി ചുമതലയേറ്റ നാല് സി.ഐമാര്‍ കേസ് അന്വേഷിച്ചുവെങ്കിലും ഷംസീനയെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചില്ല. യുവതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
പിന്നീട് പരിയാരം സി.ഐ ആയി ചുമതലയേറ്റ കെ.വി. ബാബു അന്വേഷണം ഏറ്റെടുത്തതോടെയാണ് അന്വേഷണത്തിന് പുരോഗതിയുണ്ടായി തുടങ്ങിയത്. താന്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ബാഗിലാക്കി ഷംസീന കൊണ്ടുപോയിരുന്നെങ്കിലും നിസ്ക്കാര കുപ്പായവും ഖുര്‍ആനും വീട്ടില്‍ നിന്നും എടുത്തിരുന്നില്ല. പൊലീസ് ഖുര്‍ആന്‍ പരിശോധിച്ചപ്പോള്‍ എന്തോ ഒന്ന് എഴുതി തടഞ്ഞതായി കണ്ടെത്തി. ഉടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഖുര്‍ആന്‍ പേജ് പൊലീസ് ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനക്കയച്ചു. പരിശോധനയില്‍ ഈ പേജില്‍ എഴുതിയിരിക്കുന്നത് ഇടുക്കി ഉടുമ്പുംചോലയിലെ വടക്കേക്കര ഷാജി എന്നയാളുടെ ഫോണ്‍ നമ്പറാണെന്ന് മനസിലായി. തുടര്‍ന്ന് പൊലീസ് ഉടുമ്പുംചോല സി.ഐയുമായി ബന്ധപ്പെട്ട് ഷാജിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഷാജിയും ഷംസീനയും പ്രണയത്തിലായ ശേഷം ഒളിച്ചോടി പോയെന്നും ഇപ്പോള്‍ വിവാഹിതരായി ഒന്നിച്ചു ജീവിക്കുകയാണെന്നും അറിഞ്ഞത്. ഇതോടെ പൊലീസ് ഷാജിയെയും ഷംസീനയെയും പരിയാരം സ്റ്റേഷനിലെത്തിച്ചു. വീടിനടുത്ത് ടൈല്‍സ് ഇറക്കാന്‍ വന്നപ്പോഴാണ് ഷാജിയെ ഷംസീന പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. ദമ്പതികള്‍ക്ക് ആറുവയസുള്ള കുഞ്ഞുണ്ട്.