വിവാഹ ചിത്രീകരണത്തിനിടെ ക്യാമറാമാന് മണ്ഡപത്തില്‍ കുഴഞ്ഞുവീണ് മരിച്ചു; മരണ നേരത്തും ക്യാമറ വീഴാതെ കാത്തു
ആലപ്പുഴ: വിവാഹ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ് ക്യാമറാമാന് ദാരുണാന്ത്യം. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫര്‍ വിനോദ് പാണ്ടനാടാണ് മരിച്ചത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിത വിയോഗം.
കുഴഞ്ഞ് വീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറ സ്റ്റാന്റ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ് താഴേക്ക് വീഴുകയായിരുന്നു. അപകടം നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യം വന്ന് വീണപ്പോഴും വിനോദ് തന്റെ ക്യാമറ വീഴാതെ കാത്തതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മരണ നേരത്ത് ക്യാമറ കാക്കുന്ന വിനോദിന്റെ ദൃശ്യങ്ങള്‍ വേദനയോടെയാണ് സുഹൃത്തുക്കള്‍ പങ്കുവച്ചിരിക്കുന്നത്.