ശവസംസ്കാരം നടന്ന് മൂന്നുമാസം കഴിഞ്ഞപ്പോള്‍’പരേതന്’ തിരികെയെത്തി; ജനങ്ങളെ സംഭ്രമിപ്പിച്ച കഥയുടെ ചുരുളഴിക്കാൻ പോലീസിറങ്ങി.
പന്തളം: അപകടത്തില്‍ മരിച്ചെന്നുകരുതിയ ആള് ശവസംസ്കാരച്ചടങ്ങും നടന്ന് മൂന്നുമാസം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി. കുടശ്ശനാട്, പൂഴിക്കാട് വിളയില്‍ കിഴക്കേതില്‍ പരേതനായ കുഞ്ഞുമോന്റെ മകന് സക്കായി എന്നു വിളിക്കുന്ന സാബു(35)വിനെയാണ് മൂന്ന് മാസത്തിനുശേഷം സുഹൃത്തുക്കള്‍ കൂട്ടിക്കൊണ്ടുവന്നത്. ഇതോടെ, ഇദ്ദേഹത്തിന്റേതെന്നുകരുതി മൂന്നുമാസംമുമ്പ് സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്നു കണ്ടെത്താന്‍ പോലീസിന്റെ തത്രപ്പാടും തുടങ്ങി.
യുവാവ് മരിക്കാതെ മരിച്ചതിന്റെ വാര്‍ത്ത ഇങ്ങനെ-കാറ്ററിങ്, ഹോട്ടല്‍, ബസ് ക്ലീനര്‍ ജോലികള്‍ ചെയ്തിരുന്ന സാബു വല്ലപ്പോഴുമേ വീട്ടില്‍ വന്നിരുന്നുള്ളൂ. ചെറിയ മോഷണങ്ങളും നടത്തിയിരുന്നു. ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ ഹോട്ടലില്‍നിന്നു 2020 നവംബറില്‍ 46,000 രൂപ മോഷ്ടിച്ചെന്ന കേസില്‍ സാബുവിനെ തിരുവനന്തപുരം പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോയി. പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു.
ഡിസംബര്‍ 24-ന് പാലായ്ക്കടുത്ത് ഇടപ്പാടിയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഇദ്ദേഹത്തെ തിരിച്ചറിയാനായി പാലാ പോലീസ്, മറ്റ് സ്റ്റേഷനുകളിലേക്ക് ചിത്രംസഹിതം സന്ദേശം അയച്ചു. ഇത് സാബുവാണെന്ന് സംശയം തോന്നിയ തിരുവനന്തപുരം പോലീസ്, ഇയാളുടെ സഹോദരന് സജിയുമായി ബന്ധപ്പെട്ടു. പാലാ പോലീസും മരിച്ചയാളിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തു.
ഡിസംബര്‍ 26-ന് പാലായിലെത്തിയ സഹോദരന് സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒരു സംശയവും ഇല്ലായിരുന്നെന്ന് സഹോദരന് സജി പറഞ്ഞു. പോലീസ് നടപടിക്കും പോസ്റ്റുമോര്‍ട്ടത്തിനുംശേഷം മൃതദേഹം 30-ന് കുടശ്ശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
84 ദിവസത്തിനുശേഷം വെള്ളിയാഴ്ച രാവിലെയാണ് സാബു തിരിച്ചുവന്നത്. സാബു ക്ലീനറായി ജോലിനോക്കിയിരുന്ന ബസിലെ ഡ്രൈവര്‍ മുരളീധരനാണ് ഇയാളെ കണ്ടെത്തിയത്. സുഹൃത്തുക്കളും സഹോദരന് സജിയും ചേര്‍ന്ന് സാബുവിനെ പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.സീനയും സ്റ്റേഷനിലെത്തി സാബുവിനെ തിരിച്ചറിഞ്ഞു.
മൃതദേഹത്തിന്റെ ആന്തരാവയവങ്ങളുടെ സാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി മൂന്നുമാസംമുമ്പ് ശേഖരിച്ചിരുന്നു. ഇതുവെച്ച്, മരിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അപകടത്തിനുമുമ്പ്, പാലായില്‍ കാണാതായവരുടെ ലിസ്റ്റ് പരിശോധിക്കുമെന്നും പാലാ പോലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അടൂര്‍ ഡിവൈ.എസ്.പി. ബി.വിനോദ് പറഞ്ഞു.