എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു
മുംബൈ:എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അനിൽ ധർകർ (74) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണം ചികിത്സയിലായിരുന്നു. മുംബൈ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ സ്ഥാപകൻ കൂടിയാണ് അനിൽ ധർകർ.
മിഡ് ഡേ, ദ ഇൻഡിപെൻഡന്റ് തുടങ്ങിയ നിരവധി മാധ്യമങ്ങളുടെ എഡിറ്റർ ആയി പ്രവർത്തിച്ച അനിൽ ധർകർ പ്രമുഖ കോളമിസ്റ്റ് കൂടിയായിരുന്നു. 50 വർഷം നീണ്ട മാധ്യമപ്രവർത്തനത്തിനിടെ അദ്ദേഹത്തിന്റെ കോളങ്ങൾ പ്രമുഖ ഇന്ത്യൻ-അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ചരിത്ര പുസ്തകങ്ങളും ജീവചരിത്രങ്ങളും ഉൾപ്പടെ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ ദണ്ഡിയാത്രയുടെ ചരിത്രം പറയുന്ന ദ റൊമാൻസ് ഓഫ് സാൾട്ട് എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്, ദൂരദർശൻ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചു.