ഗൃഹനാഥനെ ഭാര്യയും പെൺമക്കളും കാമുകൻമാരും കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തി.
15 കാരനുമുൾപ്പെടെ ആറ് പേർ കസ്റ്റഡിയിൽ.
കാഞ്ഞങ്ങാട്:: ഗൃഹനാഥനെ ഭാര്യയും, പെൺമക്കളും പതിനഞ്ചുകാരനുമുൾപ്പെടെ ആറുപേർ ചേർന്ന് കഴുത്തിൽ സാരി കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
കടുമേനി സർക്കാരി കോളനിയിലെ പി. എം. രാമകൃഷ്ണനെയാണ് 49, ഭാര്യയും, മക്കളും, പെൺമക്കളുടെ കാമുകൻമാരും ചേർന്ന് കൊലപ്പെടുത്തിയത്.
നാട്ടുകാരെ ഒന്നടങ്കം നടുക്കിയ കൊലപാതകമാണ് മലയോരത്ത് നടന്നത്. രാമകൃഷ്ണനെ കൊലപ്പെടുത്തിയ ഭാര്യ തമ്പായി 40, മക്കൾ രാധിക 19, പതിനാലുകാരിയായ മറ്റൊരു മകൾ, കടുമേനി സർക്കാരി കോളനിയിലെ സനൽ 19, മഹേഷ് 19, മറ്റൊരു പതിനഞ്ചുകാരൻ എന്നിവരെ ഈ കൊലപാതക കേസിൽ ചിറ്റാരിക്കാൽ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ് പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ബുധനാഴ്ച രാവിലെയാണ് രാമകൃഷ്ണന്റെ മൃതദേഹം സർക്കാരി കോളനിക്കടുത്തുള്ള സർക്കാർ വനത്തിനകത്ത് കാണപ്പെട്ടത്.
രാമകൃഷ്ണന്റെ മരണത്തിൽ ദുരൂഹത ഉയർന്നുവെങ്കിലും ,പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ തൂങ്ങി മരണമാണെന്ന് ആദ്യം വിവരം ലഭിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിതമായി നടന്ന നടുക്കുന്ന കൊലപാതകം പുറത്തു വന്നത്.
ചൊവ്വാഴ്ച രാത്രി 10 മണിക്ക് സർക്കാരി കോളനിയിലെ സ്വന്തം വീട്ടിൽ ഉറങ്ങിക്കിടന്ന രാമകൃഷ്ണനെ ഭാര്യയും, മക്കളുമുൾപ്പെട്ട ആറ് പ്രതികളും ചേർന്ന് നിഷ്ഠൂരമായി വകവരുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
വീടിന്റെ ചായ്പ്പിൽ മറയായി വലിച്ചു കെട്ടിയിരുന്ന പഴയ സാരിയാണ് പ്രതികൾ കൊലപാതകത്തിനുപയോഗിച്ചത്.
രാമകൃഷ്ണൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ പ്രതികൾ, ഉമ്മറത്ത് നിന്നും സാരി അഴിച്ചെടുത്ത ശേഷം, രാമകൃഷ്ണന്റെ കഴുത്തിൽ കുരുക്ക് കെട്ടി. പിന്നീട് സാരിയുടെ എതിർഭാഗത്ത് പിടിച്ച് വലിച്ച ശേഷം കഴുത്ത് ഒരു വശത്തേക്ക് ശക്തിയിൽ തിരിച്ച് ഒടിക്കുകയായിരുന്നു. ഒറ്റ വലിയിൽ തന്നെ രാമകൃഷ്ണൻ കിടന്നകിടപ്പിൽ പിടഞ്ഞു മരിച്ചു.
പോലീസ് അന്വേഷണം വഴിതിരിച്ചു വിടാനും, പോസ്റ്റ്മോർട്ടത്തിൽ മരണം കെട്ടിത്തൂങ്ങിയുള്ള ആത്മഹത്യയാക്കാനും പ്രതികൾ എല്ലാവരും ഗൂഢാലോചന നടത്തി.
കോളനിയിലുള്ള മറ്റ് വീട്ടുകാരെല്ലാം ഉറങ്ങിയെന്നുറപ്പ് വരുത്തിയ ശേഷം, രാത്രി ഏറെ വൈകി രാമകൃഷ്ണന്റെ മൃതദേഹം വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള വനത്തിൽ തള്ളുകയായിരുന്നു. തെളിവ് നശിപ്പിക്കാനും ആത്മഹത്യാണെന്ന് വരുത്തി തീർ്ക്കാനും തോർത്ത്മുണ്ട് കഴുത്തിൽ മുറുക്കികെട്ടിയ ശേഷമാണ് മൃതദേഹം വനത്തിൽ ഉപേക്ഷിച്ചത്.
പോലീസ് കസ്റ്റഡിയിലുള്ള സനലും, മഹേഷും, കാട് വെട്ടുതൊഴിലാളികളാണ്.
മകൾ രാധിക നഴ്സിംഗ് വിദ്യാർത്ഥിനിയും, 14 വയസ്സുള്ള മകൾ 9– ാം തരം വിദ്യാർത്ഥിനിയുമാണ്. കൊല്ലപ്പെട്ട രാമകൃഷ്ണൻ കൂലിത്തൊഴിലാളിയാണ്.
പതിനാലുകാരിയായ പെൺകുട്ടിയുമായി സനലും, രാധികയുമായി മഹേഷും പ്രണയത്തിലായിരുന്നു. വിവരമറിഞ്ഞ പിതാവ് രാമകൃഷ്ണൻ യുവാക്കളുമായുള്ള മക്കളുടെ പ്രണയ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു.
തൽസമയം പെൺമക്കളുടെ പ്രണയത്തിന് മാതാവ് തമ്പായി അനുകൂലമായിരുന്നു. രാമകൃഷ്ണൻ ജീവിച്ചിരുന്നാൽ പ്രണയബന്ധങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് മനസ്സിലാക്കിയ പ്രതികൾ ദിവസങ്ങളോളം ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
പോലീസ് കസ്റ്റഡിയിലുള്ള പതിനഞ്ചുകാരൻ സനലിന്റേയും, മഹേഷിന്റേയും സുഹൃത്താണ്.
കടുമേനിയിലെ മറ്റൊരു കോളനിയിൽ താമസിച്ചിരുന്ന രാമകൃഷ്ണനും, കുടുംബവും രണ്ട് വർഷം മുമ്പാണ് സർക്കാരി കോളനിയിലേക്ക് താമസം മാറിയത്.
പ്രതികൾ കൊലപാതകം നടത്താൻ ഉപയോഗിച്ച തമ്പായിയുടെ പഴയ സാരി വീട്ടു പരിസരത്ത് നിന്നും പോലീസ് കണ്ടെത്തി.