‘അബ്ദുല്‍ കലാം ജിഹാദി, പാകിസ്ഥാന് ആറ്റംബോംബിന്റെ രഹസ്യം ചോർത്തി നൽകി രാഷ്ട്രപതിഭവനില്‍ പ്രത്യേക സെല്‍ നടത്തി,ഗുരുതര ആരോപണവുമായിയതി നരസിംഗാനന്ദ്സരസ്വതി
പട്ന:മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം ജിഹാദിയായിരുന്നെന്ന ആരോപണവുമായി ഹിന്ദു പുരോഹിതന്. കുളത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ മുസ്ലിം ബാലനെ മര്‍ദിച്ച ക്ഷേത്രമായ ദസ്ന ദേവി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ യതി നരസിംഘാനന്ദ് സരസ്വതിയാണ് അബ്ദുല്‍കലാമിനെ ജിഹാദിയെന്ന് വിളിച്ചത്. ഡി.ആര്.ഡി.ഒയുടെ മേധാവിയായിരുന്ന കാലത്ത് അബ്ദുല്‍കലാം അണുബോംബിന്റെ ഫോര്‍മുല പാകിസ്ഥാന് വിറ്റതായും നരസിംഘാനന്ദ് പറഞ്ഞു.
ഉന്നത പദവികളിലെത്തുന്ന ഒരു മുസ്ലിമിനും രാജ്യസ്നേഹം ഉണ്ടാകില്ലെന്നും അതിനാല്‍തന്നെ കലാം ജിഹാദിയാണെന്നുമായിരുന്നു പുരോഹിതന്റെ വാദം. രാഷ്ട്രപതിയായിരുന്ന കാലത്ത് അബ്ദുല്‍കലാം രാഷ്ട്രപതിഭവനില്‍ മുസ്ലിംകള്ക്കായി പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നതായും യതി പറഞ്ഞു. എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവിക്കുന്ന മുസ്ലിംകള്ക്ക് അവിടെ പരാതി പറയാന്‍ പ്രത്യേക അവസരം ഉണ്ടായിരുന്നതായും പുരോഹിതന് പറയുന്നു. അലിഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് യതി തന്റെ വാദങ്ങള്‍ നിരത്തിയത്.
യതി പുരോഹിതനായ ഇതേ ക്ഷേത്രത്തിലാണ് അമ്പലക്കുളത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ മുസ്ലിം ബാലനെ മര്‍ദിക്കുകയും അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയായ ശ്രീരംഗി നാനാദ് യാദവിനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പേര് ചോദിക്കുന്നതും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാമായിരുന്നു.
ബിഹാറിലെ ബഗല്‍പുര്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്. പ്രതി ആദ്യം കുട്ടിയുടെ പേരും പിന്നീട് പിതാവിന്റെ പേരും ചോദിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ കയറിയത് എന്തിനാണെന്നായിരുന്നു പ്രതിയുടെ ചോദ്യം. വെള്ളം കുടിക്കാന്‍ പോയതാണെന്ന മറുപടി ലഭിച്ചതോടെ ബാലനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും വിഡിയോയിലുണ്ട്.