മുസ്ലീം ക്ഷേമ വകുപ്പ് ലീഗിന് കൊടുത്താല്‍ പക്ഷപാതിത്വം തുടരും, സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച വേണമെന്ന് സുന്നീ യുവജന സംഘം നേതാവ്
കോഴിക്കോട്: മുസ്ലീം ലീഗ് പക്ഷപാതം കാണിക്കുന്നവരാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. മുസ്ലീം ലീഗെന്നാല്‍ മൊത്തം മുസ്ലീങ്ങളുടെ സംഘടനയാണെന്ന തെറ്റിദ്ധാരണ എല്ലാ രാഷ്ട്രീയപാര്ട്ടികള്ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ലീഗിന് കൊടുത്താല്‍ എല്ലാ മുസ്ലീങ്ങള്‍ക്കും കിട്ടി എന്നൊരു ധാരണയുണ്ട്. മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനുള്ള വകുപ്പ് ലീഗുകാര്‍ സ്വന്തം കൈകാര്യം ചെയ്യുന്നതെന്ന് തന്നെ ദോഷമാണ്. കാരണം അവര്‍ പക്ഷപാതം കാണിക്കുന്നവരാണ്. സുന്നികളെ രണ്ടായി വിഭജിക്കുന്നതിലും മുസ്ലീങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി നിലനിര്‍ത്തുന്നതിലും മുഖ്യപങ്കുവഹിക്കുന്നവരാണ് അവര്‍’, അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
മതപരമായ ഹജ്ജ്, വഖഫ്, പോലുള്ള വകുപ്പുകള്‍ ലീഗ് കൈകാര്യം ചെയ്യുമ്പോള്‍ തീര്‍ച്ചയായും പക്ഷപാതിത്വമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ലീഗ് ഒരു രാഷ്ട്രീയകക്ഷി ആകുന്നില്ല, ഒരു സാമൂഹികക്ഷിയാകുന്നേയുള്ളൂ. മുസ്ലീം ലീഗ് ജനങ്ങളില്‍ നിന്ന് കാശ് പിരിച്ച് വീടുണ്ടാക്കി കൊടുക്കും, ഒരാള്‍ കൊല്ലപ്പെട്ടാല്‍ സഹായിക്കും. ഇതൊരു ചാരിറ്റി സംഘടനയുടെ ജോലിയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരില്‍ നിന്ന് ആ അവകാശങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ ലീഗിന് പലപ്പോഴും കഴിയാറില്ല. സമുദായത്തിന്റെ പാര്‍ട്ടിയാണെന്ന ലേബലില്‍ ലീഗും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ സമുദായത്തിന് അതുകൊണ്ട് പ്രത്യേകമായി ഒരു ഗുണവുമില്ലെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
‘ഈ സര്‍ക്കാരിന് പ്രസ്ഥാനവുമായി നല്ല ബന്ധമായിരുന്നു. ഭരണത്തുടര്‍ച്ച ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്’, സര്‍ക്കാര്‍ തുടരുന്നത് സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.