മറുപടി പറയാതെ ഒളിച്ചോടരുത്,
അമിത് ഷായോട് ഏഴ് ചോദ്യങ്ങളുമായി വീണ്ടും മുഖ്യമന്ത്രി..
കൊല്ലം:സ്വർണക്കടത്ത് കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏഴ് ചോദ്യങ്ങൾ. നേരത്തെ അഞ്ച് ചോദ്യങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ച അമിത് ഷായ്ക്ക് മറുപടി പറഞ്ഞശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ. ഇത്രയും നാൾ എല്ലാ ഏജൻസികളെയും കൊണ്ടുവന്ന് അന്വേഷിച്ചിട്ടും ഒരു ചോദ്യത്തിനും ഉത്തരം കിട്ടിയില്ല എന്ന അദ്ദേഹത്തിന്റെ വിഷമം നമുക്കെല്ലാവർക്കും മനസ്സിലാക്കാനാകും. അനീതിയും അക്രമവും കണ്ടാൽ മിണ്ടാതിരിക്കുന്ന ശീലമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യങ്ങൾ:
1. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം അയച്ചയാളെ കഴിഞ്ഞ 9 മാസത്തെ അന്വേഷണത്തിൽ നിങ്ങൾ പിടികൂടിയോ?
2. ഇവിടേക്ക് വരുന്ന കള്ളക്കടത്തു സ്വർണം ആര്, എന്തിന് ഉപയോഗിച്ചു? അത് അന്വേഷണത്തിൽ തെളിഞ്ഞോ? ഇതു കണ്ടത്തണമെന്ന് ഞാൻ ആദ്യം അയച്ച കത്തിൽത്തന്നെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്തന്വേഷണമാണ് ആ വിഷയത്തിൽ നിങ്ങൾ ഇതുവരെ നടത്തിയത്?
3. കള്ളക്കടത്തു സ്വർണം എത്തിയത് ഏതെങ്കിലും ആർ.എസ്.എസ്. ബന്ധമുള്ളവരിലേക്കാണോ?
4. യു എ പി എ ചുമത്തപ്പെട്ടിട്ടും സ്വർണ കള്ളക്കടത്തു കേസിലെ പ്രതികൾക്ക് ഇത്രവേഗത്തിൽ ജാമ്യം കിട്ടിയത് എന്തുകൊണ്ടാണ്?
5. സ്വർണക്കള്ളക്കടത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയോടൊപ്പമുള്ള ആർക്കെങ്കിലും പങ്കുണ്ടോ ? കേരളത്തിലെ പ്രധാനസംശയമാണ്. അത് ഷാ വ്യക്തമാക്കണം.
6. നയതന്ത്ര ബാഗേജിലാണ് സ്വര്ണക്കടത്തെന്ന് അന്വേഷണ ഏജൻസികളും കേന്ദ്ര സർക്കാരും പറഞ്ഞിട്ടും അങ്ങനെയല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞത് അമിത്ഷയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? പ്രതികളെ രക്ഷപ്പെടുത്താൻ ആയിരുന്നില്ലേ ഈ വാദം. അത് അമിത്ഷായ്ക്ക് അറിയാത്തതാണോ?
7. സ്വർണക്കടത്തടക്കം തടയാൻ രൂപീകരിച്ചതാണല്ലോ കസ്റ്റംസ് വിഭാഗം. സ്വർണക്കടത്ത് പ്രതിയായ ആളെ വിമാനത്തവാളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ നിയമിച്ചത് ആരായിരുന്നു? അത്തരക്കാരെ സംരക്ഷിക്കുന്നത് ആരാണ്? എന്തുകൊണ്ടാണ് ഇപ്പോൾ പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാത്തത്?
കേന്ദ്രാന്വേഷണ ഏജൻസികൾക്ക് നേതൃത്വം കൊടുക്കുന്ന ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് അമിത് ഷായ്ക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം നൽകാനാകുമോ?. എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ. ഇതിനെല്ലാം ഉത്തരം പറഞ്ഞിട്ട് ബാക്കി ചോദിക്കുന്നതാണ് ഭംഗി എന്നും മുഖ്യമന്ത്രി പറഞ്ഞു.