തിരുവനന്തപുരം: കരമനയിൽ കാലടി കൂടത്തിൽ കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്. കാലടി കൂടത്തിൽ കുടുംബനാഥൻ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. 2003 ലാണ് ആദ്യ മരണം സംഭവിക്കുന്നത്. ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നവർ പെട്ടെന്ന് ഒരു ദിവസം മരിച്ചു കിടക്കുന്നതായാണ് കണ്ടിട്ടുള്ളത്.
ഈ മരണങ്ങൾ കൊലപാതകങ്ങൾ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണെന്ന പരാതിയിൽ നടന്ന ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണത്തിലാണ് ദുരൂഹത കണ്ടെത്തിയത്. കൂടം എന്നറിയപ്പെടുന്ന ഉമാമന്ദിരം തറവാടിന്റെ സ്വത്തുവകക്കൾ വ്യാജ വിൽപ്പത്രം ചമച്ചു തട്ടിയെടുത്തു എന്നാണ് ആരോപണം. ബന്ധു പ്രസന്നകുമാരി, പൊതുപ്രവർത്തകനായ അനിൽകുമാർ എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
മരണങ്ങളിൽ കുടുംബത്തിലെ കാര്യസ്ഥന് പങ്കുണ്ടെന്നും ആരോപണമുണ്ട്. സ്വത്തുക്കൾക്ക് അന്തര അവകാശികൾ ഇല്ല എന്ന കാര്യം ഒറ്റ നോട്ടത്തിൽ തന്നെ പൊലീസിന് മനസിലായി. സ്വത്തുക്കൾ കാര്യസ്ഥനടക്കം രണ്ടുപേരിലേക്കാണ് ഔസ്യത്ത് പ്രകാരം മാറ്റിയിട്ടുള്ളത്.ഈ ഔസ്യത്ത് വ്യാജമാണെന്നും സംശയമുണ്ട്. കാര്യസ്ഥൻ ഗോപിനാഥൻ നായരുടെ ബന്ധുക്കളെയടക്കം ആരേയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നും പറയുന്നു.
കുടുംബാംഗങ്ങളുടെ മരണശേഷം സഹോദരങ്ങളുടെ മക്കളായ ജയപ്രകാശ്, ജയമാധവൻ എന്നിവരാണ് ഉമാമന്ദിരം വീട്ടിൽ താമസിച്ചിരുന്നത്. 2015ൽ ജയപ്രകാശും 2017ൽ ജയമാധവും മരിച്ചു. ജയമാധവന്റെ മരണശേഷം കുടുംബത്തിന്റെ മുഴുവൻ സ്വത്തുക്കളും ട്രസ്റ്റ് രൂപീകരിച്ച് കാര്യസ്ഥൻ രവീന്ദ്രൻ നായരും ബന്ധുക്കളും തട്ടിയെടുത്തുവെന്നാണ് ആരോപണം.
നഗരത്തിന്റെ കണ്ണായ ഇടങ്ങളിൽ കോടികളുടെ വസ്തുവകയുള്ള കുടുംബമായിരുന്നു കാലടിയിലെ ‘കൂടത്തിൽ’ കുടുംബം. . എല്ലാവരും ഒരേ ലക്ഷണങ്ങളോടെയാണ് മരിച്ചതെന്ന് പറയുന്നു. 7 പേർ മരിച്ചതിൽ ഒരാളുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയിട്ടുള്ളതാണെന്ന് പറയുന്നു.
കരമനയിൽ സംഭവിച്ചത് കൂടത്തായി മോഡൽ കൂട്ടക്കൊലയാണോ എന്നതടക്കം നിരവധി സംശയങ്ങളാണ് ഉയരുന്നത്. പരാതിയിൽ കരമന പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.
അതേസമയം കേസിനെ കൂടത്തായി മോഡൽ എന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെന്നും കേസ് ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ സന്തോഷ് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.