കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ യുവതി തൂങ്ങിമരിച്ചു; ആംബുലന്‍സ് വരുംമുമ്ബ് ഭര്‍ത്താവും അതേ കയറില്‍ ജീവനൊടുക്കി
പാലക്കാട് : യുവതിയും ഭര്‍ത്താവും കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങിമരിച്ചു. പാലക്കാട് കഞ്ചിക്കോട് ആണ് സംഭവം. എലപ്പുള്ളി പി കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. നേതാജി നഗറില്‍ വാടകവീട്ടിലാണ് ഇരുവരും മകളുമൊത്ത് താമസിച്ചിരുന്നത്. കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങിമരിച്ച നിലയില്‍ അമ്മ ദൃശ്യയെ കണ്ടെത്തുകയായിരുന്നു.
ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന്, ആളുകള്‍ ഓടിക്കൂടി ദൃശ്യയെ കുരുക്ക് മാറ്റി താഴെക്കിടത്തി. ആംബുലന്‍സ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വാതില്‍ അകത്തുനിന്നും അടച്ച് അതേ കയറുപയോഗിച്ച് തൂങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അഗ്നിരക്ഷാസേന എത്തിയാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു.