പതിമൂന്നുകാരിയുടെ മരണവും പിതാവിന്റെ തിരോധാനവും, പിന്നിൽ അധോലോക സംഘമെന്ന് സംശയം,
കൊച്ചി: തൃക്കാക്കരയിൽ പിതാവിനൊപ്പം പോയ പതിമ്മൂന്നുകാരി ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച സംഭവം കൂടുതൽ ദുരൂഹമാകുന്നു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹനെ (40) ഇതുവരെ കണ്ടെത്താനായിട്ടില്ല. സാനു സഞ്ചരിച്ചിരുന്ന കാറും കണ്ടെത്താനായിട്ടില്ല. മകൾ വൈഗയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.പിന്നിൽ അന്തർസംസ്ഥാന ക്വട്ടേഷൻ സംഘമോസാനുവിന്റെ തിരോധാനത്തിന് പിന്നിൽ അന്തർസംസ്ഥാന ക്വട്ടേഷൻ സംഘമാണെന്ന സംശയവും പൊലീസിനുണ്ട്. മഹാരാഷ്ട്രയിലെ പൂനെയിൽ അടക്കം വൻ കടബാദ്ധ്യത സാനുവിനുള്ളതായി അന്വേഷണത്തിൽ പൊലീസിന് മനസിലായിട്ടുണ്ട്. ചെക്ക് കേസുകളിൽ അടക്കം പ്രതിയായ സാനുവിനെ ക്വട്ടേഷൻ സംഘങ്ങൾ തട്ടിക്കൊണ്ടു പോയതാകാമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ഇതുസംബന്ധിച്ച് കേസുകളും സാനുവിനെതിരെ ഉണ്ട്. താമസിച്ചിരുന്ന ഫ്ളാറ്റിൽ അഞ്ചുപേരുൾപ്പടെ പതിനഞ്ചോളം പേരിൽ നിന്ന് വൻതുക സാനു കടം വാങ്ങിയിരുന്നു. ഭാര്യയിൽ നിന്ന് മൊഴിയെടുത്താൽ മാത്രമെ സാനുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവത്തിന് തലേദിവസമാണ് സാനുവും മകളും ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് യാത്ര തിരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് ആദ്യ ഘട്ടത്തിൽ കരുതിയത്. എന്നാൽ, റോഡിലെ സി.സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാനുവിന്റെ വോക്സ് വാഗൺ കാർ തൃശൂർ വഴി വാളയാർ ചെക്ക് പോസ്റ്റ് കടന്നതായി കണ്ടെത്തിയത്. ഇതോടെയാണ് സാനു തമിഴ്നാട്ടിലേക്ക് പോയതായി അന്വേഷണ സംഘത്തിന് സംശയം തോന്നിയത്. ചെക്ക് പോസ്റ്റ് കടക്കുമ്പോൾ സാനു മോഹൻ മാത്രമായിരുന്നോ കാറിൽ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വാളയാർ ചെക്ക് പോസ്റ്റിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാവും കൂടുതൽ അന്വേഷണം.മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഒരു സംഘം തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. വൈഗ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സാനുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇക്കാര്യം ഭാര്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ആരെയെങ്കിലും ഭയന്നിട്ടാണോ ഫോൺ ഓഫ് ചെയ്തത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സാനുവിന്റെയും ഭാര്യയുടെയും ഒരുമാസത്തെ ഫോൺ കോൾ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ സാനു മോഹന്റെ ഭാര്യ രമ്യയുടെയും ബന്ധുക്കളുടെയും മൊഴി എടുക്കും.