സഹോദരന്റെ ജീവനെടുത്തത് പെണ്ണാവാൻ ആഗ്രഹിച്ചതിന്, വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു
പത്തനംതിട്ട: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാവാൻ ആഗ്രഹിച്ച യുവാവിനെ വാക്കുതർക്കത്തിനൊടുവിൽ തലയ്ക്കടിച്ചു കൊന്നു. സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് കുഞ്ഞിനാംകോട്ടയരുവ് കാലയിൽ ജറിൻ സി. എബ്രഹാമിനെ ( 23) കൊലപ്പെടുത്തിയ കേസിലാണ് ജസ്റ്റിൻ സി. എബ്രഹാമിനെ (28) അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഇവരുടെ മാതാപിതാക്കൾ തണ്ണിത്തോട് ബസ് സ്റ്റാൻഡിൽ കട നടത്തുകയാണ്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ യുവതിയാകാൻ ജെറിൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ജസ്റ്റിൻ ഇത് എതിർത്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന വിറക് കഷണം എടുത്ത് ജെറിന്റെ തലയ്ക്കടിക്കുകയായിരുന്നു. ബോധരഹിതനായ ജെറിനെ ജസ്റ്റിൻ കുളിപ്പിച്ച ശേഷം കിടക്കയിൽ കിടത്തി. മാതാപിതാക്കൾ വൈകിട്ട് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ജെറിന് അപസ്മാരം വന്നതാകാമെന്നു കരുതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം ജെറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജെറിനെ അടിക്കാൻ ഉപയോഗിച്ച വിറക് കഷണം വീട്ടിലെ അലമാരയുടെ മുകളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തുടർന്ന് ജെറിനെ അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബിബിൻ പ്രകാശ്, എ.എസ്.ഐമാരായ ജോയി, അഭിലാഷ്, ദിലീപ് ഖാൻ, സിപിഒമാരായ അരുൺ, സന്തോഷ്, സുമേഷ്, വനിതാ സി.പി.ഒ ഷീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.