സംഭവം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു; സോളാര്‍ കേസിലെ പരാതിക്കാരി
കോഴിക്കോട്: സോളാര്‍ പീഡനക്കേസിലെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേസിലെ പരാതിക്കാരി. സംഭവം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. ഇക്കാര്യങ്ങള്‍ സംസ്ഥാന പോലീസിന് കണ്ടെത്താല്‍ സാധിക്കില്ല എന്നു കണ്ടതിനേ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു.
സംഭവം നടന്ന 2012 സെപ്റ്റംബര്‍ 19ന് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു. അന്ന് രാവിലെ ലൈവ് സ്റ്റോക്കിന്റെ സെന്‍സസ് അവിടെ നടന്നിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് സുഖമില്ലാതിരുന്നതിനാല്‍ ഭാര്യ മറിയാമ്മ ഉമ്മനാണ് അത് ഉദ്ഘാടനം ചെയ്തത്. എല്ലാ പരിപാടികളും റദ്ദാക്കിയിരുന്ന മുഖ്യമന്ത്രി അവിടെ വിശ്രമത്തിലായിരുന്നു.
രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ മൊഴികൊണ്ട് താന്‍ ചെന്നില്ല എന്ന് പറഞ്ഞാല്‍ സമ്മതിക്കാനാകില്ലെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു. സാക്ഷി മൊഴികള്‍ വില കൊടുത്തു വാങ്ങിയതിന്റെ ശബ്ദ രേഖകള്‍ തന്റെ പക്കലുണ്ട്. എങ്ങനെയാണ് കേസ് അട്ടിമറിച്ചത്, സാക്ഷികളെ സ്വാധീനിച്ചത് എന്നതിന്റെ ഓഡിയോ ക്ലിപ് കൈവശമുണ്ട്. സാക്ഷികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും അവര്‍ പറഞ്ഞു.