ഡല്‍ഹിയില്‍ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് പാകിസ്താന് വിരുദ്ധ മുദ്രാവാക്യം വിളിപ്പിച്ചു; ഒരാൾ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനു നേര്‍ക്ക് ആക്രമണം. കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പാകിസ്താന് വിരുദ്ധ മുദ്രാവാക്യം നിര്‍ബന്ധിച്ച് വിളിപ്പിക്കുകയും ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതി അജയ് ഗോസ്വാമിയെ പോലീസ് അറസ്റ്റു ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസിലാണ് സംഭവം.
യുവാവിനെ അടിച്ചുവീഴ്ത്തിയ ശേഷമാണ് മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ച് മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് പ്രതിയുടെ കാലില്‍ പിടിച്ച് യാചിക്കുന്നുമുണ്ട്. എന്നാല്‍ പ്രതിയാകട്ടെ കൂടുതല്‍ ദേഷ്യത്തോടെ യുവാവിനോട് പെരുമാറുകയാണ്.
സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് വീഡിയോയില്‍ നിന്നുള്ള ശബ്ദം വ്യക്തമാക്കുന്നു. അസദുദ്ദീന്‍ ഉവൈസിക്കെതിരെ മുദ്രാവാക്യം വിളിക്കാനും ജനക്കൂട്ടം യുവാവിനോട് ആവശ്യപ്പെടുന്നുണ്ട്. വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായും ഡെപ്യുട്ടി കമ്മീഷണര്‍ സഞ്ജയ് കുമാര്‍ സെയ്ന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന കലാപക്കേസിലും പ്രതിയാണ് അറസ്റ്റിലായ അജയ് ഗോസ്വാമി. 2020 ഫെബ്രുവരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെചയ്തവരും അനുകൂലികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 50ല്‍ ഏറെ പേര് കൊല്ലപ്പെട്ടിരുന്നു.