കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ കണ്ണ് ഇനിയെങ്കിലും തുറക്കട്ടെ- ലതികാ സുഭാഷ്
കോട്ടയം :കേരളത്തിലൊരു വനിതാ മുഖ്യമന്ത്രിയുണ്ടാകണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ലതികാ സുഭാഷ്. ഏറ്റുമാനൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
‘വനിതകള്‍ക്ക് വേണ്ടത്ര പ്രധാന്യം കൊടുക്കണമെന്ന് എഐസിസി നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നതാണ്. പക്ഷേ കേരളത്തിലെ നേതാക്കന്മാര്ക്ക് അത് പാലിക്കാനായില്ല. അവരുടെ കണ്ണ് ഇനിയെങ്കിലും തുറക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എന്റെ പ്രതികരണത്തിന് ശേഷം കേരളത്തിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട മൂന്ന് വനിതകള്‍ക്ക് സ്ഥാനാര്‍ഥിത്വം കിട്ടി.’ -ലതിക സുഭാഷ് പറഞ്ഞു.
ഏറ്റുമാനൂരിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ ലതിക 32 വര്‍ഷം നീണ്ട പൊതുജീവിതത്തിന്റെ പാരമ്പര്യത്തിന്റെ ആത്മവിശ്വാസത്തിലാണ് താനെന്നും കൂട്ടിച്ചേര്‍ത്തു.