ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസില്‍ സ്റ്റേയില്ല; ഹര്‍ജി വീണ്ടും പരിഗണിക്കും വരെ തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ നല്‍കിയില്ല. കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി അംഗീകരിച്ചില്ല.
കേസിന് പിന്നില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഡാലോചനയാണെന്നാണ് ഇഡിയുടെ ആരോപണം. നിഷ്പക്ഷമായ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഇഡി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്കാന് ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന പൊലീസുകാരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്. ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പ്രഹസനം ആയിരുന്നു എന്നും ഇഡി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നായിരുന്നു ഇഡി യുടെ ആവശ്യം.