വോട്ടുണ്ട് ആര്‍ക്ക് ചെയ്യും; തലശ്ശേരിയില്‍ ബിജെപിക്ക് സമാനതകളില്ലാത്ത പ്രതിസന്ധി
കോഴിക്കോട്: ഇതുപോലൊരു പ്രതിസന്ധി ബി.ജെ.പി. ഇതുവരെ നേരിട്ടിട്ടില്ല. കാൽലക്ഷത്തോളമോ അതിലേറെയോ വോട്ടുണ്ട്. പക്ഷേ, നൽകാൻ സ്ഥാനാർഥിയില്ല. തലശ്ശേരിയിൽ ജില്ലാ പ്രസിഡന്റിന്റെതന്നെ നാമനിർദേശ പത്രികയാണ് തള്ളിപ്പോയത്. സമാനമായ അനുഭവം ഗുരുവായൂരിലുമുണ്ട്. എന്നാൽ, തലശ്ശേരിയിലെ പ്രശ്നമാണ് വലിയ പ്രതിസന്ധി. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി ജില്ലയിലെ ബി.ജെ.പി.യുടെ മൊത്തം പ്രചാരണപ്രവർത്തനങ്ങൾക്ക് ഊർജം പകരാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഈ അനിശ്ചിതത്വം.
ബി.ജെ.പി. കളമൊഴിഞ്ഞതോടെ തലശ്ശേരിയിൽ സി.പി.എം.-കോൺഗ്രസ് നേരിട്ടുള്ള പോരാട്ടത്തിലാണ്. തങ്ങളുടെ വോട്ടുകൾ ആർക്കുനൽകണമെന്നു പറയാൻ ബി.ജെ.പി.ക്ക് ഇതുവരെ ആയിട്ടില്ല. ഏതാനും സ്വതന്ത്രന്മാർ രംഗത്തുണ്ടെങ്കിലും അവരൊന്നും ബി.ജെ.പി.യുമായി പൊരുത്തപ്പെട്ടുപോകുന്നവരല്ല. സിറ്റിങ് എം.എൽ.എ. എ.എൻ. ഷംസീറിനെതിരേ രംഗത്തുള്ള മുൻ സി.പി.എം. പ്രവർത്തകൻ സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കുന്നകാര്യം നേരത്തേ ബി.ജെ.പി. ആലോചിച്ചിരുന്നെങ്കിലും അത്തരമൊരു ചങ്ങാത്തത്തിന് നസീർ തയ്യാറല്ല. എല്ലാവരുടെയും വോട്ട് സ്വീകരിക്കുകയാണ് നിലപാടെങ്കിലും ബി.ജെ.പി.യുമായുള്ള പരസ്യമായ കൂട്ടുകെട്ടിനില്ലെന്ന് നസീറും പറയുന്നുണ്ട്. കൂടെയുള്ളവരുടെ വികാരംകൂടി കണക്കിലെടുത്താണ് ഈ സമീപനം.
ഒരുകാലത്ത് ആർ.എസ്.എസ്.-സി.പി.എം. സംഘർഷഭൂമിയായിരുന്ന തലശ്ശേരിയിൽ ബി.ജെ.പി. അനുകൂല വോട്ടുകൾ സി.പി.എമ്മിന് വീഴില്ലെന്നത് ഉറപ്പാണ്. ആർ.എസ്.എസ്. വോട്ട് വേണ്ടെന്ന് മുമ്പ് സി.പി.എം. ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ പരസ്യമായി പ്രഖ്യാപിച്ചത് തലശ്ശേരിയിൽവെച്ചായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് എം.വി. രാജഗോപാലൻ മാസ്റ്ററുടെ എൺപതുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽവെച്ചായിരുന്നു ഈ പ്രഖ്യാപനം. ഇപ്പോഴും ആ നിലപാടിൽനിന്ന് സി.പി.എം. മാറിയിട്ടില്ല. ഷംസീറിനോടും സി.പി.എമ്മിനോടുമുള്ള എതിർപ്പുകാരണം ബി.ജെ.പി.യുടെ കുറച്ച് വോട്ട് യു.ഡി.എഫ്. സ്ഥാനാർഥിയായ കോൺഗ്രസിലെ എം.പി. അരവിന്ദാക്ഷന് ലഭിച്ചേക്കാം. എല്ലാവരുടെയും വോട്ടുകൾ സ്വീകരിക്കുമെന്ന പതിവ് ശൈലിയിലാണ് യു.ഡി.എഫിന്റെ പ്രചാരണം. എന്നാൽ, പരസ്യമായി ബി.ജെ.പി. വോട്ട് ചോദിക്കാൻ യു.ഡി.എഫിനും കഴിയില്ല. അത് മുസ്ലിം വോട്ടുകൾ ചോർന്നുപോകുമെന്ന് കോൺഗ്രസ്-യു.ഡി.എഫ്. നേതാക്കൾക്കുമറിയാം.