കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണം; അമിത്ഷായ്ക്ക് കത്തയച്ച് പിണറായി വിജയൻ
തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് അക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
ബജ്റംഗ് ദൾ പ്രവർത്തകരും ഝാൻസി പൊലീസും ചേർന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനിൽ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടുപോലും പൊലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുളള ഇടപെടലിന് ശേഷം രാത്രി പതിനൊന്ന് മണിക്കാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇവരെ വിട്ടയച്ചതെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു.
രാജ്യത്തിന്റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവർത്തിയാണ് ബജ്റംഗ് ദളിന്റേയും പൊലീസിന്റേയും ഭാഗത്ത് നിന്നുണ്ടായത്. ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസർക്കാർ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.