ജസ്റ്റിസ് എൻ വി രമണയെ പിൻഗാമിയായി പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ
ന്യൂഡൽഹി: അടുത്തമാസം വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്റെ പിൻഗാമിയായി ജസ്റ്റിസ് എൻ വി രമണയെ ശുപാർശ ചെയ്തു. പിൻഗാമിയെ ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞയാഴ്ച ബോബ്ഡെയ്ക്ക് കത്തയച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഓഫീസിലേക്ക് നിയമനം നടത്തുന്നത് സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായിരിക്കണം എന്നതാണ് നടപടിക്രമം. അതനുസരിച്ചാണ് കേന്ദ്രം കത്തയച്ചത്.ബോബ്ഡെയ്ക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ വി രമണ. 2022 ഓഗസ്റ്റ് 26 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. ആന്ധ്രയിലെ ഒരു കർഷക കുടുംബത്തിലായിരുന്നു ജനനം. 2000 ജൂണിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിച്ചു. 2014 ഫെബ്രുവരിയിൽ സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ് ദില്ലി ഹൈക്കോടയിയുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവയ്ക്കുന്നത് അവലോകനം ചെയ്യണമെന്ന് വിധിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് വാദിച്ച ജഡ്ജിമാരുടെ പാനലിലും അദ്ദേഹം അംഗമായിരുന്നു.ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് ശേഷം 2019 നവംബറിലാണ് ജസ്റ്റിസ് ബോബ്ഡെ 47ാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്.വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെങ്കിലും രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് അവരുടെ മൗലികാവകാശങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് ജസ്റ്റിസ് എൻ.വി. രമണ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 74 വർഷം പിന്നിടുമ്പോഴും രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളൊന്നും തന്നെ മാറിയിട്ടില്ലെന്നും ദേശീയ ലീഗൽ സർവീസ് അതോറിറ്റിയുടെ 25ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കെ അദ്ദേഹം പറഞ്ഞു. ‘ലക്ഷക്കണക്കിന് പൗരൻമാർക്ക് നിയമപരിരക്ഷ ലഭിക്കുന്നില്ല. ദാരിദ്ര്യവും, നീതി നിഷേധവുമാണ് ഇന്ന് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി. പ്രശ്നങ്ങൾ നിലനിൽക്കെ ആധുനിക ഇന്ത്യയെക്കുറിച്ചുളള സ്വപ്നങ്ങൾ അന്താരാഷ്ട്രവേദികളിൽ നാം പങ്കുവയ്ക്കുന്നു. പൗരൻമാർക്ക് നീതി ലഭിക്കാൻ അഭിഭാഷകർ കൂടുതൽ പരിശ്രമിക്കണമെന്നും’ -ജസ്റ്റിസ് രമണ പറഞ്ഞു.