ഏപ്രില്‍ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളഎല്ലാവര്‍ക്കും കോവിഡ് വാക്സിന്
ന്യൂഡല്‍ഹി : ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്ക് വാക്സിന് നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്. വാക്സിന് സ്വീകരിക്കാന്‍ യോഗ്യരായ എല്ലാവരും കുത്തിവെപ്പ് നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഷീല്‍ഡ് വാക്സിന് കുത്തിവെപ്പ് സംബന്ധിച്ചും അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നില്‍കി.
കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 4 മുതല്‍ 8 ആഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവൂ. ഇത് കൂടുതല്‍ ഫലപ്രദമാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍, എന്ന് ജാവേദ്കര് വ്യക്തമാക്കി. നിലവിലുള്ള 28 ദിവസത്തെ ഇടവേള വര്‍ദ്ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
നിലവില്‍ രാജ്യത്ത് രണ്ടാം ഘട്ട കുത്തിവെപ്പാണ് നടക്കുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് നടത്തുന്നത്. എന്നാല്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് കുത്തിവെപ്പിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
വാക്സിനേഷന് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വാക്സിന് നിര്‍മ്മാണ കമ്പനികളോട് 120 മില്യണ്‍ വാക്സിന് ഡോസുകള്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 100 മില്യണ്‍ കൊവിഷീല്‍ഡ് വാക്സിനും 20 മില്യണ്‍ കൊവാക്സിനുമാണ് ആവശ്യപ്പെട്ടത്.