ചാറ്റിംഗ് നടത്തി കുപ്പിയിലാക്കും, ആളെ മയക്കി കവർച്ച നടത്തും; പിടിയിലായ ദമ്പതികളുടെ തട്ടിപ്പിനിരയാവർ നിരവധി
പത്തനംതിട്ട: സുന്ദരിയായ യുവതി ഫേസ്ബുക്കിലൂടെ നടത്തിയ സൗഹൃദ അഭ്യർത്ഥന അംഗീകരിക്കുകയും ചാറ്റിംഗിന് മുതിരുകയും ചെയ്തപ്പോൾ ചതിയുടെ ചാറ്റിംഗാണതെന്ന് പലരും അറിഞ്ഞിരുന്നില്ല. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ വർഷങ്ങളായി സ്നേഹവും പരിചയവുമുള്ള സുഹൃത്തുക്കളെപോലെ ഇടപെട്ട് വിശ്വാസം നേടിയെടുക്കും. ബന്ധം സ്ഥാപിച്ച ശേഷം ദമ്പതികളായ രതീഷും രാഖിയും തട്ടിപ്പിന് വിധേയരാക്കിയത് അനവധി പേരെയാണ്.
യുവാവുമായി ബന്ധം സ്ഥാപിച്ച് ലോഡ്ജിൽവിളിച്ചുവരുത്തി ബിയറിൽ ഉറക്കഗുളിക കലർത്തിനൽകിയശേഷം ആഭരണങ്ങളുമായി കടന്ന കേസിൽ പത്തനംതിട്ട കുരമ്പാല മാവിള തെക്കേതിൽ രതീഷ് എസ്. നായർ (36) മുളക്കുഴ കാരയ്ക്കാട് തടത്തിൽ മേലതിൽ രാഖി (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് മാസങ്ങളായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി നടത്തിവന്ന കൊടിയ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. തുറവൂർ സ്വദേശിയായ യുവാവിനെ ചെങ്ങന്നൂരിലെ ലോഡ്ജിൽ വിളിച്ചുവരുത്തി അഞ്ചരപവൻ ആഭരണങ്ങൾ കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്.സഹപാഠിയെന്ന് പരിചയപ്പെടുത്തി
പഴയസഹപാഠിയെന്ന വ്യാജേനയാണ് ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ 13-ന് ഫേസ്ബുക്കുവഴിയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. ജൂനിയറായി തുറവൂർ സ്കൂളിൽ പഠിച്ചതാണ്. ഇപ്പോൾ ചെന്നൈയിലെ ഐ.ടി. കമ്പനിയിലാണ് ജോലിയെന്നും അറിയിച്ചു. ഇക്കഴിഞ്ഞ 18ന് ചെങ്ങന്നൂരിൽ ബന്ധുവിന്റെ വിവാഹസൽക്കാരത്തിന് വരുമെന്നും അപ്പോൾ കാണാമെന്നും തട്ടിപ്പുകാർ അറിയിച്ചു. ഇതനുസരിച്ച് പകൽ ഒരുമണിയോടെ ചെങ്ങന്നൂരിൽ എത്തിയ യുവാവിനോട് ആശുപത്രി ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് വരാനും ആവശ്യപ്പെട്ടു. മുറിയിൽ എത്തിയപ്പോൾ യുവതി ബിയർ നല്കി. ഇതു കുടിച്ച യുവാവ് ഉറങ്ങിപ്പോയി. രാത്രി 10 മണിയോടെ ലോഡ്ജ് ജീവനക്കാർ വന്നുവിളിച്ചപ്പോഴാണ് യുവാവിന് ബോധംതെളിഞ്ഞത്. യുവതി മുറിയിൽ ഉണ്ടായിരുന്നില്ല.മാലയും ബ്രേസ്ലെറ്റും മോതിരവും നഷ്ടമായി
മൂന്നുപവൻ സ്വർണമാലയും ഒന്നരപ്പവൻ വരുന്ന ചെയിനും ഒരുപവൻ വരുന്ന മോതിരവും മൊബൈൽ ഫോണും കവർന്നാണ് യുവതി കടന്നത്. അപ്പോഴാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് യുവാവിന് ബോദ്ധ്യപ്പെട്ടത്. തുടർന്ന് ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പത്തനം തിട്ട എസ്.പി ജയദേവിന്റെ പ്രത്യേക മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഹായ് പറഞ്ഞ് തുടക്കം
ഫേസ് ബുക്ക് മെസഞ്ചറിൽ വെറുമൊരു ’ഹായ്’ പറഞ്ഞാണ് രതീഷും രാഖിയും പലരെയും കെണിയിലാക്കി സ്വർണവും പണവും തട്ടിയിരുന്നത്. ’ശാരദ ബാബു’ എന്ന വ്യാജ ഐ.ഡി. നിർമ്മിച്ചാണ് തുറവൂർ സ്വദേശിയെ ചെങ്ങന്നൂരിലേക്ക് വിളിച്ചുവരുത്തിയത്. മെസഞ്ചറിലെ വീഡിയോകോളിലൂടെ സീനിയറായി പഠിച്ചതാണെന്ന് വിശ്വസിപ്പിച്ച്, ’അമൃത നായർ’ എന്ന ഐ.ഡിവഴി മാവേലിക്കരക്കാരനെയും പറ്റിച്ചു. ’അശ്വതി അമ്മു’, ’ചിഞ്ചു എസ്.പിള്ള’ തുടങ്ങി പലപേരുകളിലും ഇവർക്ക് ഫേസ്ബുക്കിൽ അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.ലക്ഷ്യംവയ്ക്കുന്നത് വിവാഹിതരെ
വിവാഹിതരായ പുരുഷന്മാരെയാണ് ഇവർ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. പറ്റിക്കപ്പെട്ടാൽ കുടുംബബന്ധം തകരുമെന്നോർത്ത് ഇവർ സംഭവം പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്യില്ലെന്ന വിശ്വാസത്തിലാണിത്.17-ന് ചെങ്ങന്നൂരിലെ മറ്റൊരുഹോട്ടലിലും പ്രതികൾ മുറിയെടുത്തിരുന്നുഅടൂർ സ്വദേശിയായ യുവാവ് ഇവരെ തിരക്കി ഇവിടെ എത്തിയിരുന്നെങ്കിലും ലോഡ്ജ് ഉടമ കടത്തിവിടാഞ്ഞതിനാൽ കെണിയിൽപ്പെട്ടില്ല. ഇയാളെയും സമാനരീതിയിൽ കെണിയിൽപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചതാണെന്നു പൊലീസിനോട് പ്രതികൾ സമ്മതിച്ചു. തൊടുപുഴ സ്വദേശിയുമായി സൗഹൃദത്തിലായ യുവതി ഇയാളെയും കുരുക്കിലാക്കാൻ ശ്രമിച്ചതായി പൊലീസിനോട് വെളിപ്പെടുത്തി.
സമാനസംഭവങ്ങളിൽ ഓച്ചിറയിലും പാലാരിവട്ടത്തും പണം തട്ടിയതിനും ഇവർക്കെതിരേ കേസുണ്ട്. 13 വർഷമായി ഒരുമിച്ചു കഴിയുന്ന ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.
ക്യാമറയിൽ പതിഞ്ഞ കാർ നമ്പർ തുണയായി, പളനിയിലെത്തി പൊക്കിക്യാമറയിൽ അവ്യക്തമായി പതിഞ്ഞ കാറിന്റെ നമ്പർ പിടിവള്ളിയാക്കി പൊലീസ് അന്വേഷിച്ചെത്തിയത് പളനി വരെ. ടി.എൻ എന്ന് തുടങ്ങുന്ന നമ്പറാണെന്ന് മനസ്സിലാക്കിയെങ്കിലും തുടർന്നുള്ള നമ്പറുകൾ തെളിഞ്ഞിരുന്നില്ല. തുടർന്ന് പൊലീസും മോട്ടോർവാഹനവകുപ്പും ഉപയോഗിക്കുന്ന ക്രൈംഡ്രൈവ് എന്ന ആപ്ലിക്കേഷന് വഴി നടത്തിയ ഏറെ ശ്രമകരമായ തിരച്ചിലിലാണ് നമ്പർ ഏതെന്ന് മനസ്സിലായതും പ്രതികളെപ്പറ്റി ധാരണകിട്ടിയതും.
പ്രതികൾ ഫോൺ ഉപയോഗിക്കാഞ്ഞതിനാൽ ഇവരെ പിടികൂടുന്നത് പിന്നെയും ശ്രമകരമായിരുന്നു. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പളനിയിലേക്ക് കടന്നെന്ന് മനസ്സിലാക്കാനായതാണ് വഴിത്തിരിവായത്.
ചെങ്ങന്നൂർ പൊലീസിലെ നാലുപേർ വേഷം മാറി പളനിയിലെത്തി. പളനിക്ഷേത്രത്തിൽ നിന്നു അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ലോഡ്ജും ഹോട്ടലും പരിശോധിക്കാൻ തീരുമാനിച്ചു. നാലായിത്തിരിഞ്ഞ് ലോഡ്ജിന്റെയും ഹോട്ടലുകളുടെയും പാർക്കിംഗ് സ്ഥലം പരിശോധിക്കലായിരുന്നു ആദ്യം. എൺപതോളം സ്ഥാപനങ്ങളിൽ കയറിയിറങ്ങിയതിനുശേഷമാണ് പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് കാർ കണ്ടെത്തിയതും പ്രതികളെ വലയിലാക്കിയതും.
കാറിന്റെ നമ്പർ രതീഷിന്റെ മേൽവിലാസത്തിലുള്ളതാണെന്ന് സ്ഥിരീകരിച്ചതോടെ കാർ സഹിതം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.