കെ എം ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് റിപ്പോർട്ട്; സമ്പാദ്യം വരവിനെക്കാൾ 166 ശതമാനം കൂടുതൽ ; റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു
മലപ്പുറം: അഴിക്കോട് എം.എൽ.എയും തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.എം ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് വരവിലും 166% കൂടുതൽ സ്വത്ത് ഷാജിയ്ക്കുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2011 മുതൽ 2020 വരെയുളള വരുമാനത്തിലാണ് വലിയ വർദ്ധന ഉണ്ടായിരിക്കുന്നത്. 88,57,452 രൂപയുടെ വരുമാനമാണ് ഈ സമയത്ത് ഷാജിയ്ക്കുളളത് എന്നാൽ 2.03 കോടിയായിരുന്നു ഈ സമയം ഷാജിയുടെ സ്വത്ത്.പൊതുപ്രവർത്തകനായ അഡ്വ.എം.ആർ ഹരീഷാണ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ഷാജിയ്ക്കെതിരെ കോടതിയിൽ പരാതിപ്പെട്ടത്. ഷാജിയ്ക്കെതിരായ പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ കേസ് രജിസ്റ്റർ ചെയ്യാത്തതിനാലാണ് അഡ്വ.എം.ആർ ഹരീഷ് ഹർജി നൽകിയത്. പ്രഥമദൃഷ്ട്യാ ഷാജിക്കെതിരെ തെളിവുണ്ടെന്ന് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സത്യവാങ്മൂലത്തിൽ കെ.എം ഷാജി നൽകിയ വിവരവും ആഡംബര വീട് നിർമ്മാണത്തിന് ചെലവായ പണവും തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്ന് കാട്ടിയാണ് എം.ആർ ഹരീഷ് പരാതിപ്പെട്ടത്. അനധികൃതമായി നിർമ്മിച്ച വീടിന് 1.62 കോടി വിലയുണ്ടെന്ന് കോർപറേഷൻ കണ്ടെത്തി. എന്നാൽ നീർമാണ് മേഖലാ വിദഗ്ദ്ധർ നാല് കോടിയെങ്കിലും വീടിന് വിലയുണ്ടാകുമെന്ന് കണ്ടെത്തി. കേസിൽ കെ.എം ഷാജി ഉൾപ്പടെയുളളവരെ വിജിലൻസ് ചോദ്യം ചെയ്യുകയുമുണ്ടായി.