കേന്ദ്ര നീക്കം ഏകീകൃത സിവിൽ നിയമത്തിനെന്ന്. എം പി മാർക്ക് വിപ്പ് ഏർപ്പെടുത്തി ഹാജരാകാൻ അറിയിപ്പുമായി ബിജെപി
ന്യൂഡൽഹി: വളരെ പ്രധാനപ്പെട്ട നിയമനിർമ്മാണം ചൊവ്വാഴ്ച നടക്കുന്നതിനാൽ എല്ലാ പാർട്ടി അംഗങ്ങളും ലോക്സഭയിൽ ഇന്ന് എത്തണമെന്ന് വിപ്പ് നൽകി ബിജെപി. ഇന്നത്തെ ബജറ്റ് സെഷനിൽ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമായിട്ടില്ല എന്നാൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുന്നതിന്റെ ഭാഗമാണോ ഈ നീക്കം എന്ന് ചില കോണുകളിൽ നിന്ന് സംശയം ഉയർന്നു കഴിഞ്ഞു.. അതേസമയം തിങ്കളാഴ്ച അംഗങ്ങളെല്ലാം ഹാജരാകണമെന്ന് കഴിഞ്ഞ വെളളിയാഴ്ച പാർട്ടി ചീഫ് വിപ്പ് രാകേഷ് സിംഗ് പാർട്ടി എംപിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (അമന്റ്മെന്റ്) ബിൽ പാസാക്കാനായിരുന്നു ഇത്. ഗവൺമെന്റ് എന്നാൽ ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണർ ആണെന്നായിരുന്നു ബിൽ.പ്രധാനപ്പെട്ട നിയമനിർമ്മാണം വേണ്ടതിനാൽ ഇന്ന് പൂർണസമയവും സഭയിലുണ്ടാവണമെന്നാണ് പാർട്ടി ചീഫ് വിപ്പ് രാകേഷ് സിംഗ് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (അമന്റ്മെന്റ്) ബിൽ പാസാക്കിയ സമയത്ത് സഭയിൽ കോൺഗ്രസ്, ആം ആദ്മി അംഗങ്ങൾ വൻ പ്രതിഷേധമാണ് നടത്തിയത്. ഡൽഹിയിലെ ജനങ്ങൾക്ക് നേരെയുണ്ടായ അധിക്ഷേപമാണ് ഈ നിയമമെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വാഗ്ദാനങ്ങളായിരുന്ന പൗരത്വഭേദഗതിയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന തീരുമാനവും ഇതിനകം നടപ്പാക്കി. കാശ്മീരിലെ പ്രശ്നങ്ങൾക്ക് പുറമേ അയോദ്ധ്യാ ക്ഷേത്ര വിധിയിലും കേന്ദ്ര സർക്കാരിന് ആശ്വാസമുണ്ടായി. ഇതിനുപിന്നാലെ ഏകീകൃത സിവിൽ കോഡും നടപ്പാക്കാനുളള നടപടിയുണ്ടാകുമോ എന്ന് അറിയേണ്ടതുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉത്തർപ്രദേശ് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവിൽ ഏകീകൃത സിവിൽ കോഡ് എന്ന പ്രതിജ്ഞ നിറവേറ്റാൻ കേന്ദ്ര സർക്കാർ ബാദ്ധ്യസ്ഥരാണെന്ന് അഭിപ്രായപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. അധികാരത്തിലെത്തിയാൽ അസമിൽ പരിഷ്കരിച്ച ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരുമെന്ന് ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലുണ്ടായിരുന്നു.