കളിക്കിടെ കിണറ്റിലേക്ക് വീണ ബാലന് രക്ഷകരായി അഗ്നിരക്ഷാ സേന
പെരിന്തൽമണ്ണ: വലമ്പൂരിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ പതിമൂന്നുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. വലമ്പൂർ കിഴക്കേത്തലയ്ക്കൽ ഹനീഫയുടെ മകൻ ഫെബിൻ(13) ആണ് അപകടത്തിൽപെട്ടത്. കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ, ഒഴിഞ്ഞ പറമ്പിലെ ചുറ്റ് മതിലില്ലാത്ത 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. സമീപ വാസികളും വഴിയാത്രക്കാരും ഓടിക്കൂടിയെങ്കിലും കുട്ടിയെ കയറ്റാനായില്ല. കുട്ടിക്കു ധൈര്യം പകരാനായി അയൽ വാസിയായ ഫിറോസ് കിണറ്റിലിറങ്ങി. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് അസി.സ്റ്റേഷൻ ഓഫിസർ സജുകുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണു കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സേനാംഗങ്ങളായ വി.അബ്ദുൽ സലീം, സുജിത്ത്, മുജീബ് റഹിമാൻ, അനീഷ്, ഹോം ഗാർഡുമാരായ അശോക് കുമാർ, ഗോപകുമാർ, സിവിൽ ഡിഫൻസ് അംഗങ്ങളായ അൻവർ ശാന്തപുരം , ശിഹാബ്, അൻവർ മണ്ണാർ മല എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.