സമദാനിയുടെ വ്യാജ ശബ്ദത്തിൽ കാന്തപുരത്തെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി
മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസമദ് സമദാനിയുടെ പ്രസംഗ വിഡിയോയിൽ കൃത്രിമം നടത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി.
അങ്ങാടിപ്പുറത്ത് മങ്കട നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സമദാനി പ്രസംഗിക്കുന്ന ദൃശ്യമാണ് വിഡിയോയിൽ. ഇതിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ ആക്ഷേപിക്കുന്ന ചില പരാമർശങ്ങൾ ശബ്ദാനുകരണം നടത്തി ഉൾപ്പെടുത്തിയെന്ന് പാർലമെൻറ് മണ്ഡലം യു.ഡി.എഫ് കൺവീനറും ചീഫ് ഇലക്ഷൻ ഏജൻറുമായ ഉമ്മർ അറക്കൽ പരാതിയിൽ പറയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനർ, ജില്ല പൊലീസ് മേധാവി, റിട്ടേണിങ് ഓഫിസർ കൂടിയായ മലപ്പുറം ജില്ല കലക്ടർ എന്നിവർക്കാണ് പരാതി നൽകിയത്.