സര്‍വേ ഫലങ്ങള്‍ കണ്ട് തുള്ളിച്ചാടണ്ട,അലംഭാവം കാണിക്കരുത്; തിരഞ്ഞെടുപ്പ് പോരാട്ടമാണെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കരുതെന്നും പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.പ്രചാരണത്തിന്റെ തുടക്കം മുതല്‍ വലിയ ജനപിന്തുണയാണ് ഇടതു മുന്നണിക്കു ലഭിക്കുന്നത്. പുറത്തുവരുന്ന സര്‍വേ ഫലങ്ങളിലുളളത് അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. എന്നാല്‍ സര്‍വേകളില്‍ ചില വസ്തുതകളും പുറത്തുവരുന്നുണ്ട്. എതിര്‍ക്കുന്നവര്‍ക്കു പോലും വസ്തുതകള്‍ പറയേണ്ടി വരുന്നു. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടരുതെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയം പോരാട്ടമാണെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.ബി ജെ പിയുടെ സഹായത്തോടെ നിയമസഭയില്‍ എത്താന്‍ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമിക്കുകയാണ്. അവര്‍ വോട്ടുകച്ചടവടം നടത്തുകയാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ഇപ്പോള്‍ സര്‍ക്കാരിന് മുന്നിലുളള വിഷയമല്ല. സത്യവാങ്മൂലം മാറ്റിനല്‍കുന്ന കാര്യമൊക്കെ കേസ് വരുമ്പോള്‍ ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാരിന്റെ ജനസമ്മതിയില്‍ വിറളി പൂണ്ടവര്‍ കുപ്രചാരണം നടത്തുകയാണ്. ചെപ്പടി വിദ്യകൊണ്ട് ജനഹിതം അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പണം നല്കി വാര്‍ത്ത ഉണ്ടാക്കുന്നു എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അദ്ദേഹത്തിന്റെ അനുഭവം ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.