സിനിമയിലെ പ്രശസ്തി കൊണ്ടൊന്നും കാര്യമില്ല; കോയമ്പത്തൂരിൽ കമല്ഹാസൻ തോൽക്കും,ബിജെപി വിജയിക്കും നടി ഗൗതമി
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന് തമിഴ്നാട്ടില്‍ വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. കോയമ്പത്തൂര്‍ സൗത്തില്‍ ബി.ജെ.പി തന്നെ വിജയിക്കുമെന്നും ഗൗതമി പറഞ്ഞു.
‘കോയമ്പത്തൂര്‍ സൗത്തില്‍ ബി.ജെ.പി ജയിക്കും. കോയമ്പത്തൂരില്‍ ബി.ജെ.പിയ്ക്ക് വേണ്ടി വോട്ട് ചോദിക്കും,’ ഗൗതമി പറഞ്ഞു.
സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. നല്ല രാഷ്ട്രീയക്കാര്‍ക്കെ മികച്ച വിജയമുണ്ടാവുകയുള്ളുവെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂരില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു.
വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്‍ ഹാസന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും.
സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കമല്‍ ഹാസന് ആണെന്ന് ആള് ഇന്‍ഡ്യ സമത്വ മക്കള്‍ കക്ഷി നേതാവ് ശരത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന്റെ ഭാഗമായി 40 സീറ്റുകളില്‍ ശരത് കുമാറിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്.