കര്‍ണ്ണാടകയിൽ കർഷക രോഷം ഇരമ്പണം, ദല്‍ഹിയാക്കി മാറ്റണം; വിധാന്‍ സഭ വളയണം കര്‍ണ്ണാടകയിലെ കര്‍ഷകരോട് രാകേഷ് ടികായത്
ബെംഗളുരു: കര്‍ണ്ണാടകയില്‍ ദല്‍ഹിയില്‍ നടന്നതിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് കര്‍ഷകരോട് ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്.
കര്‍ണ്ണാടക നിയമസഭയായ വിധാന്‍ സൗധയ്ക്ക് മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് ടികായത് പറഞ്ഞു.
ദക്ഷിണേന്ത്യന്‍ കര്‍ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ടികായത്തിന്റെ ആഹ്വാനം.
‘കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള നിങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ ദല്‍ഹി വരെ വരണമെന്നില്ല. ബംഗളൂരുവിനെ ദല്‍ഹിയാക്കി മാറ്റി പ്രതിഷേധം ശക്തമാക്കിയാല്‍ മതിയാകും’, ടികായത് പറഞ്ഞു.
പഞ്ചാബിലേയും ഉത്തര്‍പ്രദേശിലേയും കര്‍ഷകരുടെ മാത്രം പ്രതിഷേധമായി കര്‍ഷക സമരത്തെ കാണരുതെന്നും രാജ്യമൊട്ടാകെയുള്ള കര്‍ഷകര്‍ക്കായുള്ള പ്രക്ഷോഭമാണ് കര്‍ഷക സമരമെന്നും ടികായത് പറഞ്ഞു.
പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വീണ്ടും വീണ്ടും അനുമതി നല്കി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വിശപ്പ് മുതലെടുത്ത് രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാരെന്നും കേന്ദ്രസര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുകയാണെന്നും ടികായത് ആരോപിച്ചു.