നഗരഭരണം ഉറക്കത്തിൽ, ഉണർന്നെണീറ്റ് ആരോഗ്യവകുപ്പ്,ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയ ബീരന്ത്ബയലിലെ 50 കിണറുകളില്‍ അണുനശീകരണം നടത്തി.
കാസര്‍കോട്:നഗരസഭാ പരിധിയിലെ ബീരന്ത്ബയല്‍ പ്രദേശത്തെ കിണര്‍വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലുമായി ആരോഗ്യവകുപ്പ്. 33, 34 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന 51 കിണറുകള്‍ അണുനശീകരണം നടത്തി. ആശാവര്‍ക്കര്‍മാരുടെയും നഗരസഭാ കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരുടെയും നേതൃത്വത്തിലായിരുന്നു അണുനശീകരണം. ജനറല്‍ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ വി ശ്രീജിത്ത് നിര്‍ദേശം നല്കി.
ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യമറിഞ്ഞത്. കല്മാടി തോടിന്റെ പരിസരത്തുനിന്നും 50 മീറ്ററിനുള്ളിലാണ് ഈ കിണര്‍. മാലിന്യം നിറഞ്ഞ തോട് ശുചീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലുംനഗരസഭാ ഭരണക്കാര്‍ വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതാണ് കിണറുകള്‍ മലിനമാകാന്‍ കാരണമായത്. നഗരത്തിലെ വന്‍കിട കെട്ടിടങ്ങളില്‍നിന്നും ആശുപത്രികളില്‍നിന്നും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കല്മാടി തോട്ടിലേക്ക് ഒഴുക്കിവിടുന്നുണ്ട്.
കിണറുകളിലെ വെള്ളം പരിശോധനക്കയക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതര്‍ നഗരസഭാ അധികാരികള്‍ക്ക് കത്ത് നല്കി. ആരോഗ്യവകുപ്പ് ബോധവല്‍ക്കരണവും നല്കി.