അര്‍ദ്ധരാത്രി കാമുകിയെ കാണാന്‍ റെയില്‍വേ ട്രാക്ക് വഴി ഒളിച്ചുപോയ മൂന്നംഗ സംഘത്തിന്റെ ബൈക്ക് ട്രെയിനിനടിയില്‍പ്പെട്ടു.
തിരുവനന്തപുരം: അര്‍ദ്ധരാത്രി കാമുകിയെ കാണാന്‍ റെയില്‍വേ ട്രാക്ക് വഴി ഒളിച്ചുപോയ മൂന്നംഗ സംഘത്തിന്റെ ബൈക്ക് ട്രാക്കില്‍ കുടുങ്ങി ട്രെയിനിനടിയില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂര്‍ വൈകി. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാക്കളെ നേരം പുലരും മുമ്ബേ റെയില്‍വേ പൊലീസ് പൊക്കി. വര്‍ക്കല സ്വദേശികളായ സാജിര്‍ (22), സുലന്‍ (19), ടിജിത്ത് (21) എന്നിവരെയാണ് പൊലീസ് പൊക്കിയത്. ഇന്നലെ രാത്രി വര്‍ക്കലയ്ക്കും കടയ്ക്കാവൂരിനും മദ്ധ്യേയായിരുന്നു സംഭവം.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: വര്‍ക്കല കേന്ദ്രീകരിച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവര്‍. രാത്രി വൈകി ഇവരിലൊരാളുടെ കാമുകിയെ കാണാന്‍ റെയില്‍വേ ട്രാക്ക് വഴി ബൈക്ക് ഓടിച്ച് വരുന്നതിനിടെ ബൈക്കിന്റെ വീല്‍ റെയില്‍വേ പാളത്തിലെ പ്ളേറ്റില്‍ കുരുങ്ങി. ഇലക്ട്രിക് ലൈനിന്റെ എര്ത്തിംഗിനായുള്ള പ്ളേറ്റിലാണ് കുടുങ്ങിയത്. ഇത് മാറ്റി ബൈക്ക് ഉരുട്ടി കൊണ്ടുപോകാനുളള ശ്രമത്തിനിടെ ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്സ് പ്രസ് കടന്നുവന്നതോടെ ബൈക്ക് ട്രാക്കില്‍ ഉപേക്ഷിച്ച് സംഘം ഓടി. ട്രാക്കിന്റെ മദ്ധ്യത്ത് കിടന്ന ബൈക്കില്‍ ട്രെയിനിടിച്ച് ബൈക്ക് നാമാവശേഷമായി. എന്ജിന് ഡ്രൈവര്‍ വിവരം തൊട്ടടുത്ത സ്റ്റേഷനിലും ആര്.പി.എഫിനെയും അറിയിച്ചു.
ആര്.പി.എഫ് കമ്മിഷണര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് രാത്രിസ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സാജിറിന്റെ സുഹൃത്ത് രണ്ട് ദിവസം മു മുമ്പ് നന്നാക്കാനായി ഏല്‍പ്പിച്ച ബൈക്കായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തുമ്പോഴാണ് ബൈക്കിന്റെ ഉടമ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സജീറിനെയും കൂട്ടാളികളെയും പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളെ ആര്.പി.എഫ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം ആര്.പി.എഫ് സ്റ്റേഷനിലേക്ക് മാറ്റി. ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി