വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; രണ്ടു കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടി
പാലക്കാട്: വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. രണ്ടു കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ പിടികൂടി. സംഭവത്തില്‍ ബംഗളുരുവില്‍ നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്ന പട്ടാമ്ബി സ്വദേശി സുഹൈല്‍(25)നെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്ബത്തൂര്‍ പാലക്കാട് ഹൈവേയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
സുഹൈല്‍ ഇതിനു മുമ്ബും ഇത്തരത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന്, കഞ്ചാവ്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ കടത്തിയതായി സംശയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു. എറണാകുളത്തെ നിശാപാര്‍ട്ടികളിലും, ഡി.ജെ പാര്‍ട്ടികളിലും വിതരണം നടത്തുന്നതിനാണ് ഈ മയക്കുമരുന്നു കടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പിടികൂടുന്ന മൂന്നാമത്തെ എം.ഡി.എം.എ കേസാണിത്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് എക്സൈസ് വകുപ്പ് നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ഷാജി എസ്. രാജന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പാലക്കാട് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ. രമേഷിന്റെ നേതൃത്വത്തിലുള്ള എ.ഇ.സി സ്ക്വാഡും പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.