‘വിശ്വാസ്യതയുടെ കിരീടം എനിക്കുണ്ട്, അതുകൊണ്ട് കെപിസിസി പ്രസിഡന്റാകാനില്ല ; താൽപര്യമുണ്ടായിരുന്ന സമയം കഴിഞ്ഞു
കെ സുധാകരൻ
കണ്ണൂർ∙ ഈ പാർട്ടിയിൽ താൻ കെപിസിസി പ്രസിഡന്റാകില്ലെന്നും ഇനി അതിനു താൽപര്യമില്ലെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി. പ്രസിഡന്റ് സ്ഥാനത്തു താൽപര്യമുണ്ടായിരുന്ന സമയം കഴിഞ്ഞു. നിരാശയില്ല. പ്രവർത്തകർ നൽകുന്ന വിശ്വാസ്യതയാണു നേതാവ് എന്ന നിലയിൽ വലിയ കിരീടം. അതു തനിക്കുണ്ട്. സംതൃപ്തനുമാണ്. പരിമിതികളെക്കുറിച്ചു നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുലിമടയിൽ പിണറായി വിജയനെ നേരിടാൻ കിട്ടിയ അവസരം താൻ വിനിയോഗിച്ചില്ലെന്നാണു വിമർശനം. അവസാന നിമിഷം സ്ഥാനാർഥിയാകാൻ പറയുമ്പോൾ മാനസികമായെങ്കിലും ഒരു തയാറെടുപ്പു വേണ്ടേ? വേഷം കെട്ടിയാൽ ഫലമുണ്ടാകണം. ഇറങ്ങിപ്പുറപ്പെട്ടാൽ എടുത്തു തിരിച്ചുകൊണ്ടുവരണം. ഒന്നോ, രണ്ടോ തവണ തോൽക്കുമ്പോൾ ജയിക്കുന്ന മണ്ഡലം നോക്കി മറ്റു നേതാക്കൾ പോകുമ്പോൾ താൻ അതല്ല ചെയ്തത്. എടക്കാട് മണ്ഡലത്തിൽ താൻ നാലു തവണ തോറ്റ ശേഷമാണു മണ്ഡലം കോൺഗ്രസിന് അനുകൂലമാക്കി മാറ്റിയത്. ഫലമുണ്ടാകില്ല എന്നതുകൊണ്ടാണു ധർമടത്തു മത്സരിക്കാതിരുന്നത്.
ഇരിക്കൂറിലെ ഗ്രൂപ്പ് പ്രശ്നം തീർക്കാൻ എ ഗ്രൂപ്പിനു ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകണമെന്ന ഫോർമുല ചർച്ചയിലാണ്. ഐ ഗ്രൂപ്പിൽ എല്ലാവരും സഹകരിക്കുമെങ്കിൽ അത് അംഗീകരിക്കും. പ്രശ്നം പരിഹരിക്കാൻ ത്യാഗം ചെയ്യാൻ താൻ ഒരുക്കമാണ്. പക്ഷേ എല്ലാവരും അംഗീകരിക്കണമെന്നു മാത്രം. രാജ്യസഭാ സീറ്റ് ഇതുവരെ മലബാറിൽ കിട്ടിയിട്ടില്ല. ആ ഫോർമുലയും വേണമെങ്കിൽ ആലോചിക്കാം. രാജ്മോഹൻ ഉണ്ണിത്താൻ തനിക്കെതിരെ പറഞ്ഞതിനൊക്കെ മറുപടി പറയേണ്ടതു ഉന്നത കോൺഗ്രസ് നേതൃത്വമാണെന്നും പരസ്യപ്രസ്താവനയ്ക്കു വിലക്കുള്ളതിനാൽ തിരഞ്ഞെടുപ്പുകാലത്ത് പ്രതികരിക്കാനില്ലെന്നും സുധാകരൻ പറഞ്ഞു.