തലശ്ശേരിയില്‍ പത്രിക തള്ളിയതില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബി.ജെ.പി
കണ്ണൂര്‍: തലശ്ശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിയില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബി.ജെ.പി. കണ്ണൂര്‍ ജില്ലാ അധ്യക്ഷനാണ് സ്ഥാനാര്‍ത്ഥിയായ എന്‍. ഹരിദാസ്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് ഹരിദാസിന്റെ പത്രിക തള്ളിയത്.
ഇന്നലെ എന്‍.ഡി.എ ഡമ്മി സ്ഥാനാര്‍ത്ഥി ലതീഷിന്റെ പത്രികയും തള്ളിയിരുന്നു. ഇതോടെ തലശ്ശേരിയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ല.
തലശ്ശേരിയില്‍ എ.എന്‍ ഷംസീറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എം. പി അരവിന്ദാക്ഷനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
ദേവികുളത്ത് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ പത്രികയും നേരത്തെ തള്ളിയിരുന്നു. ഫോറം 26 പൂര്‍ണമായും പൂരിപ്പിക്കാത്തതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.