പേരാമ്പ്രയിലെ ലീഗ് സ്ഥാനാർഥി യോഗിയുടെ വലംകൈ; വിമർശനവുമായി ലീഗ് അണികൾ
കോഴിക്കോട്: പാണക്കാട് ഹൈദരലി തങ്ങൾ പ്രഖ്യാപിച്ച പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി സി എച്ച് ഇബ്രാഹിംകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തോഴനെന്ന് ആക്ഷേപം. യോഗിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളെ സ്ഥാനാർഥിയാക്കിയതിനെതിരെ മുസ്ലിംലീഗിനുള്ളിൽ എതിർപ്പുയരുകയാണ്.
എന്നാൽ, രാഷ്ട്രീയാതീതമായ സൗഹൃദങ്ങൾ തനിക്കുണ്ടെന്നു പറഞ്ഞ് എതിർപ്പുകളെ അവഗണിക്കാനാണ് സി എച്ച് ഇബ്രാഹിം കുട്ടിയുടെ ശ്രമം. അതേസമയം, ഇബ്രാഹിംകുട്ടി ആദിത്യനാഥിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരാളെ സ്ഥാനാർഥിയായി അംഗീകരിക്കാനാവില്ലെന്നാണ് ലീഗ് പ്രവർത്തകരുടെ വാദം. മണ്ഡലം കമ്മിറ്റി നിർദേശിച്ച പേരുകൾ തള്ളിയാണ് മഹാരാഷ്ട്രയിൽ വ്യവസായിയായ ഇബ്രാഹിമിനെ സ്ഥാനാർഥിയാക്കിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പുതന്നെ പാർടിക്കുള്ളിൽ അപസ്വരങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിലും പ്രതിഷേധമുയർന്നു. പേയ്മെന്റ് സീറ്റാണ് പേരാമ്പ്രയിലെന്ന വിമർശനവുമുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലും പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.