അച്ഛന്റെ രണ്ടാം വിവാഹത്തെ ചോദ്യം ചെയ്യാന്‍ മക്കള്‍ക്ക് അവകാശമുണ്ട്; ഹൈക്കോടതി
മുംബൈ; അച്ഛന്റെ രണ്ടാം വിവാഹത്തില്‍ സംശയം തോന്നിയാല്‍ അത് ചോദ്യം ചെയ്യാന്‍ മക്കള്‍ക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. അച്ഛന് മരിച്ചതിന് പിന്നാലെയാണ് രണ്ടാനമ്മയ്ക്കെതിരെ മകള്‍ കോടതിയെ സമീപിച്ചത്. ആദ്യത്തെ ബന്ധം വേര്‍പെടുത്താതെയാണ് തന്റെ അച്ഛനെ വിവാഹം കഴിച്ചതെന്നും അതിനാല്‍ വിവാഹം റദ്ദാക്കണം എന്നുമായിരുന്നു മകളുടെ ആവശ്യം.
2003-ലാണ് അച്ഛന് പുനര്‍വിവാഹം നടത്തുന്നത്. അച്ഛന്റെ മരണശേഷം 2016-ലാണ് രണ്ടാനമ്മ ആദ്യ വിവാഹത്തില്‍നിന്ന് മോചനം നേടിയിട്ടില്ലെന്ന് അറിയുന്നത്. അതിനാല്‍ വിവാഹം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മകള്‍ കുടുംബ കോടതിയെ സമീപിക്കുന്നത്.
വിവാഹബന്ധത്തെ ചോദ്യംചെയ്യാന്‍ ഭാര്യക്കും ഭര്‍ത്താവിനും മാത്രമേ അവകാശമുള്ളൂവെന്നും മക്കള്‍ക്കില്ലെന്നുമുള്ള രണ്ടാനമ്മയുടെ വാദം അംഗീകരിച്ച് ഹര്‍ജി കുടുംബകോടതി തള്ളി. 2003-ല്‍ നടന്ന വിവാഹത്തെ 2016-ല്‍ ചോദ്യംചെയ്യുന്നതിലെ യുക്തിയും രണ്ടാനമ്മ ചോദ്യംചെയ്തിരുന്നു.
ഇതിനെതിരേ നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2015-ലാണ് അച്ഛന് മരിച്ചത്. രണ്ടാനമ്മ ആദ്യ വിവാഹത്തില്‍നിന്ന് മോചനം നേടിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണെന്നും ഉടനെത്തന്നെ കുടുംബകോടതിയെ സമീപിക്കുകയായിരുന്നുവെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ പറഞ്ഞു. ഇത് അംഗീകരിച്ച ഹൈക്കോടതി, കുടുംബ കോടതി വിധി റദ്ദാക്കിയത്.