ഉറപ്പാണ്,കാസര്‍കോടിനെ കൈവിടില്ല, തലപ്പാടിയിലെ കര്ണ്ണാടകയുടെയാത്രാ വിലക്കിനെതിരെ ഇനിയും ഇടപെടും:മുഖ്യമന്ത്രി
തൃശൂര്‍: കാസർകോട്ടിന് ദുരിതം തീർത്ത് തലപ്പാടി ചെക്ക്പോസ്റ്റില്‍ വാഹനങ്ങള്‍ തടയുന്ന കര്‍ണാടക നടപടി പരിഭ്രാന്തിയില്‍ നിന്ന് ഉണ്ടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ ഇനിയും ബന്ധപ്പെട്ടവരുമായി സംസാരിച്ച് യാത്രാ വിലക്ക് പരിഹരിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്
മുഖ്യമന്ത്രി പറഞ്ഞു.കോവിഡിന്റെ മറവിൽ കേരളത്തിൽ നിന്നുള്ളവരെ വിലക്കുന്ന കർണാടക നടപടി ആവർത്തിക്കുന്നിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പുന്നപ്ര-വയലാറിലെ സ്മൃതി കുടീരത്തില്‍ ബി.ജെ.പിക്കാര്‍ അതിക്രമിച്ച് കയറി പൂക്കള്‍ വലിച്ചെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് സമാധാനന്തരീക്ഷം തകര്‍ക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഉള്‍പ്പെടെയുള്ള രക്തസാക്ഷി സ്മൃതി കുടീരങ്ങള്‍ കമ്യൂണിസ്റ്റുകളുടെ വികാരമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ചെയ്തി പ്രകോപനം സൃഷ്ടിച്ച് കമ്യൂണിസ്റ്റുകളെ ഇളക്കിവിട്ട് സമാധാനം തകര്‍ക്കാനാണ്. എന്നാല്‍, പുന്നപ്ര-വയലാറില്‍ കമ്യൂണിസ്റ്റുകള്‍ സംയമനം പാലിച്ചു. ഇനിയും ഇത്തരം പ്രകോപനത്തിന് സാധ്യതയുണ്ടെന്ന സൂചനയാണിതെന്ന് ജാഗ്രത പാലിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെത്തിയ പിണറായി ചെറുതുരുത്തിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്തെ 45 ലക്ഷം കുടുംബങ്ങളെ ദാരിദ്രാവസ്ഥയില്‍ മോചിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എല്‍.ഡി.എഫി?െന്റ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍. മറ്റ് ചിലരുടെ പ്രകടന പത്രിക പോലെ കബളിപ്പിക്കാനുള്ളതല്ല എല്‍.ഡി.എഫ് പത്രിക. പറയുന്നത് നടപ്പാക്കും, നടപ്പാക്കാനാവുന്നതേ പറയൂ. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനമാണ് മുന്നണി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പത്രികയിലെ ചില പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ അയല്‍ സംസഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമാവുകയും രണ്ടാം തരംഗ സാധ്യത ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും അയല്‍ സംസ്ഥാനങ്ങളിലെ സാഹചര്യം ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. ഇവിടെയും രണ്ടാം തരംഗ സാധ്യത തള്ളാനാവില്ല. അതിന് മുമ്പ് പരമാവധി പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കാനാണ് ശ്രമം. വാക്സിനേഷനില്‍ കേരളം നല്ലപ്രകടനമാണ് കാഴ്ച വെക്കുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി കാര്യമായി പ്രതികരിച്ചില്ല. വിവിധ സര്‍വേ റിപ്പോര്‍ട്ടുകള്‍ എല്‍.ഡി.എഫിന് മേല്‍ക്കെ പ്രവചിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് ‘എന്ത് ചെയ്യാം, നാട്ടിലെ അവസ്ഥ അങ്ങനെയാണ്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.