എന്‍.ഡി.എ കക്ഷികളായ ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മില്‍ തര്‍ക്കം
കോട്ടയം: എന്‍.ഡി.എ കക്ഷികളായ ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മില്‍ തര്‍ക്കം രൂക്ഷം. രണ്ടിടങ്ങളില്‍ ഇരു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളിലാണ് രണ്ടു പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികളുള്ളത്.
ഏറ്റുമാനൂരില്‍ ബി.ജെ.പിക്കായി എന്‍. ഹരികുമാറും ബി.ഡി.ജെ.എസിനായി എന്‍. ശ്രീനിവാസനും മത്സര രംഗത്തുണ്ട്. പൂഞ്ഞാറിലും സ്ഥിതി ഇതുതന്നെയാണ്. ഇവിടെയും ബി.ജെ.പി, ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു.
എന്‍.ഡി.എയിലെ തര്‍ക്കമാണ് മുന്നണിക്കായി രണ്ടു സ്ഥാനാര്‍ഥികള്‍ രംഗത്തുവരാന്‍ കാരണം. മുന്നണിയിലെ ധാരണപ്രകാരം ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റുകള്‍ ബി.ഡി.ജെ.എസിനാണ്. എന്നാല്‍ ഇരു മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ് നിയോഗിച്ചത് ദുര്‍ബല സ്ഥാനാര്‍ഥികളാണെന്ന വാദമുയര്‍ത്തിയാണ് ബി.ജെ.പി സ്വന്തം നിലയ്ക്ക് സ്ഥാനാര്ഥികളെയെ നിര്‍ത്തിയത്.
ഏറ്റുമാനൂരില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ ബി.ജെ.പിയുടെ അനിഷ്ടത്തെ തുടര്‍ന്ന് ബി.ഡി.ജെ.എസ് നേതൃത്വം മാറ്റിയിരുന്നു. എന്നാല്‍ രണ്ടാമത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെയും ബി.ജെ.പി അംഗീകരിക്കാന്‍ തയാറായില്ല.
പ്രാദേശിക തലത്തിലുള്ള തര്‍ക്കം മാത്രമാണിതെന്നും പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുമ്ബോള്‍ ഏറ്റുമാനൂരില്‍ എന്‍.ഡി.എയ്ക്ക് ഒറ്റ സ്ഥാനാര്‍ഥി മാത്രയേ കാണൂ എന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.