മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്കാന് സമ്മര്‍ദ്ദം; ഇ ഡി ക്കെതിരെ കേരളാ പോലീസ് കേസെടുത്തു
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്കാന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയതിനാണ് കേസ്. സ്വപ്നയുടേതെന്ന പേരില്‍ നേരത്തെയൊരു ശബ്ദരേഖ പുറത്തുവന്നിരുന്നു. ഒരു കേന്ദ്ര ഏജന്‍സി മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു ശബ്ദരേഖ.ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്സ്മെന്റ് തന്നെയാണ് ആവശ്യപ്പെട്ടത്. ജയില്‍ ഡി ജി പിയുടേയും ഇ ഡിയുടേയും പരാതിയില്‍ ക്രൈംബ്രാഞ്ചാണ് പ്രത്യേക അന്വേഷണം നടത്തിയത്. എന്നാല്‍ അന്വേഷണത്തിന് ഒടുവില്‍ വാദി തന്നെ പ്രതിയാവുകയായിരുന്നു. പ്രചരിക്കുന്ന ശബ്ദരേഖ തന്റേതാണെന്ന് സ്വന്തം കൈപ്പടയില്‍ സ്വപ്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എഴുതി നല്‍കിയിരുന്നു. രണ്ട് വനിത ഉദ്യോഗസ്ഥരും ഇ ഡിയ്ക്കെതിരെ മൊഴി നല്കി.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതി വാങ്ങിയാണ് ഇ ഡിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഏതൊക്കെ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കേസെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.അതേസമയം, വനിതാ പൊലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഡി ജി പിയെ സമീപിച്ചിട്ടുണ്ട്. പ്രതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവര്‍ തന്നെ അന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കും. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിജി വിജയന്, കടവന്ത്ര സ്റ്റേഷനിലെ എസ് റജിമോള്‍ എന്നീ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് ഇ ഡിയ്ക്കെതിരെ മൊഴി നല്‍കിയത്.